ഖുർആൻ : മനുഷ്യമനസ്സുകളെ ദീപ്തമാക്കുന്ന ദിവ്യപ്രകാശം
Mar 22 2016- Details
ജിദ്ദ: മനുഷ്യസമൂഹത്തിനുള്ള ജീവിത ദർശനമായി പ്രപഞ്ച നാഥൻഅവതരിപ്പിച്ച വിശുദ്ധ ഖുർആൻ കേവലം ചില മതവിധികൾ എണ്ണിപ്പറയുന്ന ഒരു നിയമ സംഹിതയോ മനുഷ്യൻ ചെയ്തുകൂടാത്ത കാര്യങ്ങളെപ്പറ്റി വിലക്കുകയും ശിക്ഷാവിധികൾ നിർണയിക്കുകയും ചെയ്യുന്ന പീനൽകോഡോ അല്ല. എന്നാൽ അവയെല്ലാം ഉൾക്കൊള്ളുന്നതോടൊപ്പം ചിന്താശേഷിയും വിശേഷബുദ്ധിയുമുള്ള മനുഷ്യമനസ്സുകളെ ദീപ്തമാക്കുന്ന ദിവ്യപ്രകാശമായിട്ടാണ് വിശുദ്ധ ഖുർആൻ സ്വയം വിശേഷിപ്പിക്കുന്നതെന്ന് ഇസ്ലാഹി സെന്റർ മുഖ്യ പ്രബോധകൻ ശമീർ സ്വലാഹി പറഞ്ഞു. റിയാദ് കിംഗ് ഖാലിദ് ഫൌണ്ടേഷന്റെ കീഴിൽ വർഷം തോറും നടത്തിവരാറുള്ള സൌദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷയിൽ ജിദ്ദയിൽ നിന്നും പങ്കെടുത്ത് വിജയിച്ചവർക്കുള്ള സമ്മാനവിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുർആൻ പഠിക്കാൻ ജനങ്ങൾ കാണിക്കുന്ന ആവേശം അത് തങ്ങളുടെ സ്വഭാവത്തില്‍ കൂടി പ്രതിഫലിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേവലം പാരായണം മാത്രം പഠിച്ചത് കൊണ്ട് ഖുർആൻ നടത്തിയ വിപ്ലവം ഒരിക്കലും സാധ്യമാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഖുർആൻ ഫിഫ്ള് മത്സര വിജയിക്ക് സമ്മാനധാനം നിർവ്വഹിക്കുന്നു.
ഖുർആൻ ഫിഫ്ള് മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായിഇസ്മഈൽ മുഹമ്മദ് കല്ലുങ്ങൽ, ഇസ്റ മറിയം, ഷഹീൻ സുബൈർ, ഷഹാന ബഷീർ, ഹാനി മഷാർ, ആയിഷ വഫ, നഈം ലത്തിഫ്, റിയ റഷീദ്, ബാസിൽ അബ്ദുൽ ഗനി, ബയ്യിനത്ത്, ആയിഷ ഇബ്രാഹിം തുടങ്ങിയവർ ഒന്നാം സ്ഥാനത്തിനർഹരായി. വിജയികൾക്കുള്ള സമ്മാന വിതരണം അബ്ദുസ്സമദ് (അൽ അബീർ), ശുഹൈബ് എടത്തനാട്ടുകാര (അൽ റയാൻ), അഷ്റഫ് (ജെ, എൻ എച്ച്), ലിയാഖത്ത് അലിഖാൻ തുടങ്ങിയവർ നിർവ്വഹിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡണ്ട് മുഹമ്മദലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹാദി നാസർ ഖുർആൻ പാരായണം നടത്തി. ഷറഫുദ്ദീന് മേപ്പാടി സ്വാഗതവും, അബ്ദുസ്സലാം സ്വലാഹി നന്ദിയും പറഞ്ഞു.