ജിദ്ദയില്‍ ഖുര്‍ആന്‍ മത്സര പരീക്ഷാ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Jan 15 2012

CPജിദ്ദ :  സഊദി മതകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖൈരിയ്യയുടെ മേല്‍ നോട്ടത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ച ആറാമത് ഖുര്‍ആന്‍ വിജ്ഞാന, മനപ്പാഠ മത്സരങ്ങളില്‍ ജിദ്ദയില്‍ നിന്നും ജേതാക്കളായവര്‍ക്കുള്ള സമ്മാന ദാന ചടങ്ങ് മലയാളി കൂട്ടായ്മകളുടെ പതിവ് ശീലങ്ങളില്‍ നിന്നും എന്ത് കൊണ്ടും വെത്യസ്ത പുലര്‍ത്തുന്നതായി. പ്രമുഖ സൗദി പണ്ഡിതരും നേതാക്കളും മലയാളി പൌരപ്രമുഖരും അണി നിരന്ന ചടങ്ങിലെ പ്രഭാഷണങ്ങള്‍ എല്ലാം മലയാളികള്‍ക്ക് ഗ്രാഹ്യമായ അറബിയിലോ ഇംഗ്ലീഷിലോ മാത്രമായത് പുതുമ പുലര്‍ത്തി.

.


          കെഎന്‍എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നൂറ്റാണ്ടുകളായി ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തി പോരുന്ന ഈ പുണ്യ നാട്  കേരളീയ സമൂഹത്തോട് കാണിക്കുന്ന താല്‍പര്യത്തെയും സ്നേഹത്തെയും അദ്ദേഹം ശ്ലാഘിച്ചു. കേരള മുസ്ലിം നവോത്ഥാനത്തില്‍ കേരള നദുവത്തുല്‍ മുജാഹിദീന്‍  നിര്‍വഹിച്ച നിര്‍ണ്ണാ‍യക പങ്കിനെ കുറിച്ചും മുള്ളുകള്‍ നിറഞ്ഞ അതിന്റെ നാള്‍ വഴികളെ കുറിച്ചും വിശദീകരിച്ച അദ്ദേഹം, കേരളീയ സമൂഹത്തിന്റെ മത സഹിഷ്ണുതയും മുസ്ലിംകള്‍ കേരളത്തില്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും പങ്കു വെച്ചത് അറബികള്‍  തിങ്ങി നിറഞ്ഞ സദസ്സില്‍ കേരളത്തെ കുറിച്ച് മതിപ്പുളവാക്കാന്‍  പോന്നതായിരുന്നു.


        ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ അങ്കണത്തില്‍ നടന്ന പരിപാടികള്‍ സെന്റര്‍ ഡയറക്‌ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ഹാരിസി നിയന്ത്രിച്ചു.  കേരളത്തില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുള്ള തനിക്ക് ദൈവത്തിന്റെ നന്മ എന്നര്‍ത്ഥം വരുന്ന ‘ഖൈറുല്ലാഹ്’ മലയാള നാടിന് എന്ത് കൊണ്ടും  യോജിച്ച പേരാണെന്ന അഭിപ്രായമാണുള്ളത്‌.  കേരള സമൂഹം മത വൈജ്ഞാനിക മേഖലകളില്‍ പ്രകടിപ്പിക്കുന്ന ഔത്സുക്യം ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 


        ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ സൗദി തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫര്‍സാന ഷാക്കിറിനുള്ള ‘ലാപ്‌ടോപ്പ്’ ഇസ്ലാമിക് എജ്യൂക്കേഷണല്‍ ഫൌണ്ടേഷന്‍ ഡയറക്‌ടര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമൈമിരി സമ്മാനിച്ചു. ഒരാളെയെങ്കിലും ഖുര്‍ആനിക സരണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും മറ്റെന്തിനെക്കാളും ഫലദായകവും ഉത്തമവുമെന്നു അദ്ദേഹം സദസ്സിനെ ഓര്‍മിപ്പിച്ചു. 


                  സീനിയര്‍ വിഭാഗം ഹിഫ്‌ള് മത്സരത്തില്‍ അഖില സൗദി തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സെന്റെര്‍ പ്രവര്‍ത്തകന്‍ ഹസ്സന്‍ കുട്ടി വളാഞ്ചേരിക്കുള്ള ഫലകം ശൈഖ് ഹാരിസിയും സിപി ഉമര്‍ സുല്ലമിയും ചേര്‍ന്ന് സമ്മാനിച്ചു. വിവിധ വിഭാഗങ്ങള്‍ക്കുള്ള മത്സരങ്ങളില്‍ സമ്മാനര്‍ഹരായ യുസ്‌റ അഹ്‌മദ്, ആയിശ വഫ, ആബിദ അബ്ദുല്ല, സീനത്ത് ഹുസൈന്‍, സറീന ഉസ്‌മാന്‍, നുസൈബ ഉസ്‌മാന്‍, അന്ന തോമസ്, ഷൈലാ തോമസ്, റോസി തോമസ്, സൂസന്‍ വര്‍ഗീസ്, ഉഷാ ബേബി, റിന്‍ഷ അബ്ദുല്‍ റഷീദ്, സബീറ അസീസ്, റയാന്‍ ഹഫീസ് മുഹമ്മദ്, ഹാനി മഷ്ഹാര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ശൈഖ് ഇബ്രാഹിം അല്‍ ഹുവൈരി, ഡോ. ഹാഷിം അല്‍അഹ്‌ദല്‍ എന്നിവര്‍ വിതരണം ചെയ്‌തു.  ഏഴാമത് ഖുര്‍ആന്‍ മുസാബഖ ജിദ്ദ ഏരിയ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം പുഷ്‌പകുമാറിന് കോപ്പി നല്‍കി കൊണ്ട് ശൈഖ് ഖാലിദ് അല്‍ ഹമ്മൂദി  നിര്‍വഹിച്ചു.


                  ഇസ്ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ അഹ്‌മദ് കുട്ടി മദനി ഖുര്‍ആന്‍ മുസാബഖയെ പരിചയപ്പെടുത്തി. സെന്റര്‍ പ്രസിഡണ്ട്‌ മൂസക്കോയ പുളിക്കല്‍ വിജയികള്‍ക്ക് ആശംസകളര്‍പ്പിച്ചു. ഷാദ് അഹ്‌മദ് കോഴിക്കോട്, ആദില്‍ അഷ്‌റഫ് എന്നിവര്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. അബ്ദുല്‍ കരീം സുല്ലമി സമാപന പ്രഭാഷണം നടത്തി.