നീക്കുപോക്കുകള്ക്കിടയില്‍ ആദര്ശം ബലി കഴിക്കാതിരിക്കുക - എം ടി മനാഫ് മാസ്റ്റര്‍

Sep 21 2011 Mt.Manaf

ജിദ്ദ: ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നീക്കുപോക്കുകള്‍ നടത്തേണ്ടി വരുമ്പോള്‍ ആദര്‍ശങ്ങള്‍ ബലി കഴിക്കുന്നവര്‍ക്ക് വിശുദ്ധ ജീവിതം നയിക്കാന്‍ സാധിക്കുകയില്ലെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ എം ടി മനാഫ് മാസ്റ്റര്‍ പറഞ്ഞു.

.

  'അനശ്വര ശാന്തിയുടെ ആദര്‍ശ പാത' എന്ന കാമ്പയിന്റെ ഭാഗമായി ശറഫിയയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പ്രമേയ വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിയോര കാഴ്ചകള്‍ ആനന്ധകരമാണെങ്കിലും അവ ആസ്വദിച്ചു  നിന്ന് സമയം കളയാനാവാത്ത വഴിയാത്രക്കാരനെ പോലെയാണ് മനുഷ്യജീവിതം. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്തെ ക്രിയാതമകമായി ഉപയോഗപ്പെടുത്തുവാനുതകുന്ന നന്മയുടെ കൂട്ടായ്മകളാണ് ഇസ്ലാഹി സെന്ററുകള്‍.  ആത്മാവിനെ കുറിച്ച് മനുഷ്യന്‍ നടത്തിയ  പഠനങ്ങള്‍ക്ക് ഇന്നേ വരെ ഒരു വിശദീകരണത്തില്‍ എത്താനായിട്ടില്ല. എന്നാല്‍ ആത്മാവിനെ കുറിച്ചുള്ള ശരിയായ വിവരം ദൈവത്തിന്റെ അടുത്ത് മാത്രമാണെന്ന് സൂചിപ്പിച്ച ഇസ്ലാം അതിനെ ശുദ്ധീകരിക്കാനുള്ള സര്‍വ്വ മാര്‍ഗങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നു. മരണത്തിനു ശേഷമുള്ളത്  അനശ്വര ജീവിതമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഭൌതിക ജീവിതത്തില്‍ ക്ഷമിക്കുവാനും നല്ലത് ചെയ്യാനും സാധിക്കുന്നു. പത്ത് ലക്ഷത്തിലധികം മനുഷ്യര്‍ പട്ടിണി കിടക്കുന്ന സോമാലിയയിലെ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍ നമ്മെ ചിന്തിപ്പിക്കെണ്ടാതാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കണ്ണിയാവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

         സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ തലത്തില്‍ നടത്തുന്ന കാമ്പയിന്‍ സപ്തംബര്‍ 30 നു സമാപിക്കും.  ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. അബ്ദുല്‍ കരീം സുല്ലമി, നൌഷാദ് കരിങ്ങനാട് എന്നിവര്‍ സംസാരിച്ചു.