ഇലക്ട്രോണിക് സൗഹൃദങ്ങള്‍ ഗുണസാധ്യതകളും ചതിക്കുഴികളും
Mar 14 2010- Details
ബഷീര്‍ വള്ളിക്കുന്ന്
ആസ്ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വംശീയ പീഡനങ്ങള്‍ക്ക് ഇരയാവുന ്നതിനെതിരെ വളരെ കൗതുകകരമായ ഒരു പ്രതിഷേധ സമരം ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നു.വിന്താലൂ എഗൈന്‍സ്റ്റ് വയലന്‍സ് (Vindaloo against Violence) എന്നായിരുന്നു ആ പ്രതിഷേധ പരിപാടിയുടെ പേര്.പതിവ് പടിഞ്ഞാറന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഒരു നേരം എരിവും പുളിയും നന്നായി ചേര്‍ത്ത ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചുകൊണ്ട് ആസ്ത്രേലിയയിലെ രാഷ്ട്രീയ നേതാക്കന്മാര്, വിദ്യാര്‍ഥികള്‍, പൊലീസ് ഉദ്യോഗസ്ഥന്മാര്, സാധാരണക്കാര്‍ തുടങ്ങി ആയിരക്കണക്കിന് പേര് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ `വിന്താലു സമരം' അരങ്ങേറി.
. ആസ്ത്രേലിയയിലെ നാലര ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹം ഈ സമരത്തെ
ആവേശപൂര്‍വം സ്വീകരിച്ചു. അവിടെയുള്ള ഏതാണ്ട് നാനൂറോളം ഇന്ത്യന്‍
റെസ്റ്റോറന്റുകളില്‍ കച്ചവടം പൊടിപൊടിച്ചു. പടിഞ്ഞാറന്‍ നാടുകളില്‍ പൊതുവെ
പ്രിയമേറിവരുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ഈ സമരം പുതിയ സാധ്യതകള്‍
സമ്മാനിച്ചു. ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മകളുടെ പ്രധാന ഇടമായ
ഫേസ്ബുക്കില്‍ വെറുമൊരു തമാശക്ക് വേണ്ടി മിയ നോര്‍ത്രോപ് എന്ന യുവതി
മുന്നോട്ടുവെച്ച ഒരു ആശയം പെട്ടെന്ന് ഒരു പ്രതിഷേധപ്രസ്ഥാനമായി
മാറുകയായിരുന്നു വിന്താലുവിലൂടെ.
പ്രതിഷേധം കാറ്റ് പിടിച്ചതോടെ
മിയക്ക് സന്ദേശങ്ങളുടെ പ്രവാഹമായി. പതിനേഴായിരം പേരാണ് മണിക്കൂറുകള്‍
കൊണ്ട് ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പേര് റജിസ്റ്റര്‍ ചെയ്തത്!!
ഇന്റര്‍നെറ്റ്
സൗഹൃദ കൂട്ടായ്മകള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍
തെളിയുന്ന സ്വാഭാവിക ചിത്രങ്ങള്‍ക്ക് നേരെ എതിര്‍ദിശയില്‍ ആയിരിക്കാം ഈ
വിന്താലുവിന്റെ രംഗപ്രവേശം. ഇ-ഫ്രണ്ട്ഷിപ്പ് അഥവാ ഇലക്ടോണിക്
സൗഹൃദങ്ങളെ സംശയത്തോടെ മാത്രം വീക്ഷിക്കുകയും കൗമാരപ്രായക്കാരുടെ
വഴിതെറ്റിയ ജീവിത ശൈലികളുടെ ഭാഗമായി കാണുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം
ഇന്നുണ്ട്. ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍ കൂടുതല്‍ സ്വാധീനം
ചെലുത്തുകയും പുതുതലമുറയുടെ ആശയസംവേദന രീതിയായി മാറുകയും ചെയ്ത
സ്ഥിതിക്ക് അവയോട് ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് കൂടുതല്‍
അപകടം ചെയ്യില്ലേ എന്ന ചോദ്യമുണ്ട്. ഇത്തരം സൗഹൃദ കൂട്ടായ്മകളുടെ
ഗുണദോഷങ്ങള്‍ എന്തായാലും അവ അടുത്ത തലമുറയുടെ ജീവിതശൈലിയുടെ ഭാഗമായി
തുടരും എന്നുറപ്പുള്ളതിനാല്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഗുണപരമായ
ഇടപെടലുകള്‍ ഈ രംഗത്ത് ഉണ്ടാവണം എന്ന ചിന്തയാണ് ഈ കുറിപ്പിന് ആധാരം.
യുവതലമുറയുടെ
നാവിന്തുമ്പില് ഇന്നേറെ തത്തിക്കളിക്കുന്ന പദങ്ങളാണ് ഫേസ് ബുക്ക്, മൈ
സ്പേസ്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ തുടങ്ങിയവ. കൗമാര ഒത്തുചേരലുകളില്‍
മറ്റേതൊരു വിഷയത്തെക്കാളും സമയം കവര്‍ന്നെടുക്കുന്നത് ഇത്തരം സൈറ്റുകളിലെ
അനുഭവങ്ങളും കൗതുകങ്ങളും ആണെന്നത് ഒരു യാഥാര്‍ഥ്യം മാത്രം.
സുഹൃത്തുക്കളുമായി നിരന്തരമായി ആശയവിനിമയം നടത്തുക, പുതിയ സുഹൃത്തുക്കളെ
കണ്ടെത്തുക, കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുക, കൗതുകങ്ങള്‍ പങ്കുവെക്കുക,
പഠനസാമഗ്രികളും ഫോട്ടോകളും കൈമാറുക തുടങ്ങി കൗമാരം ആഗ്രഹിക്കുന്ന എന്തും
അവരുടെ വിരല്‍ത്തുമ്പില്‍ ഒരുക്കിക്കൊടുക്കുക എന്ന വളരെ ലളിതമായ
മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇത്തരം സൈറ്റുകളുടെ വിജയത്തിനു
പിന്നിലുള്ളത്. പ്രത്യേകിച്ച് ചെലവൊന്നും കൂടാതെ തങ്ങളുടെ
സ്വകാര്യതയില്‍ ഒതുങ്ങിക്കൂടി ഇവയൊക്കെ സാധിക്കാമെന്ന് വരുമ്പോള്‍
കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇവയിലേക്ക് ആകര്‍ഷിക്കപ്പെടുക തികച്ചും
സ്വാഭാവികവുമാണ്.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍
കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രചാരം നേടിത്തുടങ്ങിയിട്ട് അധികകാലം
ആയിട്ടില്ല. അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്പിക്കാന് പോലും
സാധിക്കാതിരുന്ന ഉയരങ്ങളിലാണ് അത്തരം സൈറ്റുകളും ഇലക്ട്രോണിക്
മീഡിയകളും ഇന്നുള്ളത്. ഫേസ് ബുക്കിന്റെ കാര്യമെടുക്കാം. രണ്ടായിരത്തി
നാലില്‍ തുടങ്ങിയ ഈ സൗഹൃദക്കൂട്ടത്തില്‍ ഇന്നു നാല്പതു കോടി
ഉപയോക്താക്കള്‍ ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്.
പതിമൂന്നു വയസ്സിനു മുകളിലുള്ള ആര്‍ക്കും സൗജന്യമായി ഈ
സൗഹൃദക്കൂട്ടത്തില്‍ കണ്ണിയാവാം. ലോകത്തിന്റെ ഏതു കോണില്‍ നിന്നും
സുഹൃത്തുക്കളെ കണ്ടെത്താം. അവരുമായി ആശയവിനിമയം നടത്താം.
രണ്ടായിരത്തി
മൂന്നില്‍ തുടങ്ങിയ മൈ സ്പേസ് ഈ രംഗത്തെ തുടക്കക്കാരില്‍ ഒന്നാണെങ്കിലും
ഫേസ്ബുക്കുമായുള്ള മത്സരത്തില്‍ അല്പം പിറകോട്ടുപോയി. പതിമൂന്നു
കോടിയാണ് അവരുടെ കൂട്ടായ്മയിലെ അംഗ സംഖ്യ. ഇന്ത്യയില്‍ ഏറ്റവും
പ്രചാരമുള്ളത് ഓര്ക്കൂട്ടിനാണ്. പത്തുകോടി സജീവ മെമ്പര്‍മാരുള്ള
ഓര്‍ക്കൂട്ടില്‍ ഇരുപത് ശതമാനം ഇന്ത്യയില്‍ നിന്നാണ്. അവരുടെ നിബന്ധന
പ്രകാരം പതിനെട്ടു വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കാണ് ഇതില്‍ അംഗമാവാന്‍
കഴിയുക. ഓര്‍ക്കൂട്ട് സൗഹൃദ കൂട്ടായ്മകളും പലപ്പോഴും അധാര്‍മിക
വഴികളിലേക്ക് യുവ സമൂഹത്തെ നയിക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്ന്
സുഊദി അറേബ്യ അടക്കമുള്ള പല രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്.
എസ്
എം എസ് സന്ദേശങ്ങള്‍ക്ക് സമാനമായി ടെക്സ്റ്റ് മെസ്സേജുകളിലൂടെ ആശയ
വിനിയമം നടത്താവുന്ന ട്വിറ്റര്‍ സര്‍വീസിന് ഇന്ത്യയില്‍ ഏറെ
പ്രചാരമുണ്ട്. മൈക്രോ ബ്ലോഗിങ്ങ് എന്ന് വിളിക്കാവുന്ന ഒരു
തരത്തിലേക്ക് കൂടി ട്വിറ്റര്‍ കൂട്ടായ്മകള്‍ വളര്‍ന്നിട്ടുണ്ട്.
ചൈനയില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് ക്യൂ സോണ്‍ ആണ്.
ഇരുപതു കോടി മെമ്പര്‍മാര്‍ ഈ കൂട്ടായ്മയില്‍ ഉണ്ട്. ഫോട്ടോകള്‍
കൈമാറുന്നതിനു വേണ്ടി മാത്രമുള്ള സൗഹൃദ വലയമായ ഫ്ളിക്കറില് മൂന്നരക്കോടി
ഉപയോക്താക്കളാണുള്ളത്. പന്ത്രണ്ട് കോടിയുമായി വിന്‍ഡോസ് ലൈവ്
സ്പേസസ്, പതിനൊന്നര കോടിയുമായി ഹബ്ബോ തുടങ്ങി എണ്ണമറ്റ കൂട്ടങ്ങള്‍
വേറെയുമുണ്ട്. ഇവരൊക്കെ തങ്ങളുടെ സൗഹൃദവലയം ദിനംപ്രതി
വിശാലമാക്കിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഫ്രണ്ട്ഷിപ്പിന്റെ പുതിയ
മാനങ്ങള്‍ തേടി കൗമാരപ്രായക്കാരുടെ ഒരു വലിയ നിര ഇവിടങ്ങളില്‍ അണിചേരുന്നു.
സത്യത്തില്‍
എന്തൊക്കെയാണ് ഈ സൗഹൃദക്കൂട്ടങ്ങളില്‍ നടക്കുന്നത്? കൗമാരം വഴിതെറ്റാന്‍
ഈ കൂട്ടങ്ങള്‍ കാരണമാകുന്നുണ്ടോ? കാടടച്ചുള്ള ഒരു വെടിവെപ്പിന്
പ്രസക്തിയില്ല. എവിടെയുമെന്ന പോലെ നല്ലതും ചീത്തയും ഇവിടെയുമുണ്ട്.
പഠനത്തിനും സംശയ നിവാരണത്തിനും വിവിധ രംഗങ്ങളിലെ പുത്തന്‍ പ്രവണതകള്‍
അറിയാനും പങ്കുവെക്കാനും മറ്റുമായി പ്രവര്‍ത്തിക്കുന്ന അര്‍ഥവത്തായ നിരവധി
സൗഹൃദക്കൂട്ടങ്ങള്‍ ഇവയില്‍ ഓരോന്നിലുമുണ്ട്. പഠനസംബന്ധമായി പെട്ടെന്നൊരു
സംശയം ഉണ്ടായാല്‍ ടീച്ചറുടെ അടുത്തുപോകാതെ തന്നെ ഞൊടിയിടക്കുള്ളില്‍ അവ
പരിഹരിക്കാന്‍ ഇത്തരം കൂട്ടങ്ങളിലൂടെ കഴിഞ്ഞെന്നു വരും. വിദൂര ദേശത്തു
കിടക്കുന്ന അജ്ഞാത സുഹൃത്തിന് തന്റെ കൈയിലുള്ള പഠന സഹായിയോ നോട്ടോ
കൈമാറാന്‍ സാധിക്കുമ്പോള്‍ ഇരുവരുടെയും മുഖത്ത് വിരിയുന്ന സംതൃപ്തിക്ക്
അതിരുകളുടെ മറകള്‍ ഉണ്ടാകില്ല. വിദേശത്തുള്ള വിദഗ്ധ ഡോക്ടറോട്
രോഗവിവരങ്ങള്‍ പറഞ്ഞു മരുന്ന് കുറിച്ചെടുക്കുമ്പോള്‍ സൗഹൃദക്കൂട്ടത്തിനു
കൈവരുന്നത് മാനുഷികതയുടെ മുഖമാണ്. തൊഴില്‍ അവസരങ്ങള്‍
കണ്ടെത്തുന്നതിന്, അവ പങ്കുവെക്കുന്നതിന്, പൂര്‍വകാല സഹപാഠികളെ
അന്വേഷിക്കുന്നതിന്, പുസ്തകങ്ങളും ലേഖനങ്ങളും കൈമാറുന്നതിന്,
ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതിന് തുടങ്ങി അര്‍ഥവത്തായ നിരവധി
സൗഹൃദക്കൂട്ടങ്ങള്‍ ഇത്തരം സൈറ്റുകളില്‍ കാണാം.
എന്നാല്‍ കൂടുതല്‍
ആകുലതകള്‍ ഉയര്‍ത്തുന്ന മറ്റൊരു വശം ഈ നാണയത്തിനുണ്ട് എന്നത്
നിഷേധിക്കുക വയ്യ. പ്രണയം, ലൈംഗികത, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കൗമാരപ്രായക്കാര്‍ വഴിതെറ്റാന്‍ സാധ്യതയുള്ള ഏറെ വിഷക്കൂട്ടങ്ങളും ഈ
കൂട്ടായ്മകള്‍ക്കിടയില്‍ ഉണ്ട്. ഒരുവേള അത്തരം കൂട്ടങ്ങള്‍ക്കാണ് ഏറെ
പ്രചാരം ലഭിക്കുന്നത് എന്നും കാണാം. വിവേചന ബുദ്ധിയോടെ കാര്യങ്ങള്‍
തിരിച്ചറിയാന്‍ സാധിക്കാത്ത പ്രായത്തിലുള്ള കുട്ടികള്‍ കാണുന്നവരോടൊക്കെ
ചങ്ങാത്തം കൂടുന്നതും അഡ്രസും ഫോട്ടോകളും കൈമാറുന്നതും കൂടിക്കാഴ്ചകള്‍
ഒരുക്കുന്നതും പല വിധത്തിലുള്ള സദാചാര പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍
ഇടയുണ്ട്.
അതുകൊണ്ടു തന്നെ ഇത്തരം കൂട്ടായ്മകളുടെ ഗുണഗണങ്ങളെ
വളരുന്ന തലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ഒരു ക്രിയാത്മക
ശ്രമമാണ് നൈതിക മൂല്യങ്ങളുടെ കാവലാളുകളില്‍ നിന്ന് ഈ സമൂഹം
പ്രതീക്ഷിക്കുന്നത്. ഒരു സാംസ്കാരിക പരിസരത്തിന്റെ അഭാവം കൗമാരകാലത്തെ
ഏതു വഴികളിലേക്ക് തിരിച്ചുവിടുമെന്ന് പറയുക വയ്യ. ഇലക്ട്രോണിക്
മാധ്യമങ്ങളെയും അവയുടെ ഉപയോഗത്തെയും വരുംതലമുറയില്‍ നിന്ന്
കവര്‍ന്നെടുക്കാന്‍ നമുക്കാവില്ല. പുതുതലമുറയുടെ ജീവിതവും സ്പന്ദനവും
അവയുമായി ഇഴ പിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം ബന്ധപ്പെടുന്ന ഒരു
നാളെയാണ് അവര്‍ക്ക് മുന്നിലുള്ളത്. ഒരു ഇ-സാക്ഷരതയുടെ കുറവ്
മാത്രമാണ് വളരുന്ന തലമുറയ്ക്ക് ഇന്നുള്ളത്. അത് നല്കണമെങ്കില്
ഇത്തരം മാധ്യമങ്ങളോടുള്ള നിഷേധാത്മക സമീപനത്തില്‍ നിന്ന് മുതിര്‍ന്ന
തലമുറ മാറേണ്ടതുണ്ട്.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളുടെ
ഉപയോഗം കുട്ടികളില്‍ ഗുണപരമല്ലാത്ത സ്വഭാവങ്ങള്‍ സൃഷ്ടിക്കുന്നു എന്ന
വാദഗതിയെ ചില ആധുനിക പഠനങ്ങള്‍ നിഷേധിക്കുന്നുണ്ട്. ഇത്തരം
കൂട്ടായ്മകളില്‍ അവധാനതയോടെ പങ്കുചേരുന്ന കുട്ടികള്‍ കൂടുതല്‍ കാര്യക്ഷമത
കാട്ടുന്നതായും ചതിപ്രയോഗങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയുന്നതായും അവര്‍
വാദിക്കുന്നു. ഒരു പൊതു കൂട്ടായ്മയുടെ ഭാഗമാവുമ്പോള്‍ മറ്റുള്ളവരുടെ
അനുഭവങ്ങളില്‍ നിന്ന് സ്വയം പഠിക്കാനും നിരീക്ഷണ പാടവം വളര്‍ത്താനും
കുട്ടികള്‍ പ്രാപ്തി നേടുന്നു എന്നാണ് അമേരിക്കയില്‍ മാക് ആര്‍തര്‍
ഫൗണ്ടേഷന് നടത്തിയ പഠനം അവകാശപ്പെടുന്നത്.
സ്വന്തം വീട്ടിലെ
കമ്പ്യൂട്ടറില്‍ മാതാപിതാക്കളുടെ കണ്‍വെട്ടത്ത് ഇന്റര്‍നെറ്റ്
ഉപയോഗിക്കാന്‍ ഒരു കുഞ്ഞിനു അവസരമൊരുക്കുന്നത് പല ചതിക്കുഴികളും
ഒളിഞ്ഞിരിക്കുന്ന ഇന്‍ര്‍നെറ്റ് കഫെകളുടെ ഇരുള്‍മുറികളിലേക്ക് അവരെ
തള്ളിവിടുന്നതിനേക്കാള്‍ ക്രിയാത്മകമാണ്. കൗമാര മനസ്സിന്റെ
അകത്തളങ്ങളില്‍ ധാര്‍മികതയുടെ ഒരു വിത്ത് മുളപ്പിക്കുകയും അതിന്
വെള്ളവും വളവും തലോടലും നല്കി പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ
മനസ്സിന്റെ കൗതുകങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിലും ബുദ്ധിപരം. ആയിരം
അരുതുകളുടെ തടവറകളില്‍ യൗവനത്തിന്റെ ശക്തിയെ തളച്ചിടുക പ്രയാസകരമാണ്.
പകരം ആ ശക്തിയെ ഉപയോഗപ്പെടുത്താനുള്ള മേഖലകള്‍ അവര്‍ക്ക്
തുറന്നുകൊടുക്കാനാണ് ശ്രമം ഉണ്ടാവേണ്ടത്.
ലൈംഗിക
കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇത്തരം സോഷ്യല്‍
നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ അംഗത്വം നല്‍കുന്നത് നിരോധിക്കുന്നതിനു
വേണ്ട നിയമ നിര്‍മാണങ്ങള്‍ ചില പാശ്ചാത്യനാടുകളില്‍ നിലവിലുണ്ട്.
ഇന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ ഉള്ളതായി അറിവില്ല. ഇത്തരം നിയമങ്ങള്‍
ഉണ്ടായാലും വ്യാജ പ്രൊഫൈലുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ
നിയമങ്ങള്‍ക്ക് തടയാനാവില്ല. കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്കും
പീഡനങ്ങള്‍ക്കും വിധേയരാക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന
പശ്ചാത്തലത്തില്‍ കൗമാരപ്രായക്കാരോട് രഹസ്യമായി ഇടപഴകാന്‍
മുതിര്‍ന്നവര്‍ക്ക് അവസരം ലഭിക്കുന്ന ഇത്തരം സൈറ്റുകള്‍ക്ക് മേല്‍
കര്‍ശന നിയമ നിയന്ത്രണങ്ങളും സൈബര്‍ ഏജന്‍സികളുടെ സൂക്ഷ്മ നിരീക്ഷണവും
അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ.
ഇന്റര്‍നെറ്റ് പ്രൊഫൈലില്‍
പൂര്‍ണമായ വ്യക്തി വിവരങ്ങളും വിലാസവും ഫോട്ടോയും കൊടുക്കുന്ന നിരവധി
കുട്ടികളുണ്ട്. കൗമാരത്തിന്റെ നിഷ്കളങ്കമായ കൗതുകമാണ് അവരെ അതിനു
പ്രേരിപ്പിക്കുന്നത്. പ്രൈവസി സെറ്റിങ്ങുകളില് പ്രൊഫൈല്‍ ഓപ്പണ്‍ ആക്കുക
വഴി ദുഷ്ട ലാക്കോടെ നെറ്റില്‍ പരതി നടക്കുന്ന അപരിചിതരിലേക്ക് പോലും ആ
വിവരങ്ങള്‍ കൈമാറപ്പെടുന്നു. ഫേസ് ബുക്ക്, മൈ സ്പേസ്, ബെബോ തുടങ്ങിയ
സൗഹൃദക്കൂട്ടങ്ങളില്‍ പ്രൊഫൈല്‍ ഉണ്ടാക്കാനുള്ള പ്രായപരിധി പതിനാലു
വയസ്സായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് ഉറപ്പുവരുത്താനുള്ള യാതൊരു
സാങ്കേതിക സംവിധാനവും ഇന്ന് നിലവിലില്ല. ലണ്ടനിലെ ഓഫ് കോം മാര്‍ക്കറ്റ്
റിസര്‍ച്ച് ടീം നടത്തിയ സര്‍വേയില്‍ അവിടെ എട്ടു വയസ്സിനും പതിനേഴു
വയസ്സിനും ഇടയിലുള്ള നാല്പത്തി ഒമ്പത് ശതമാനം കുട്ടികള്‍ക്ക് ഇത്തരം
സൈറ്റുകളില്‍ പ്രൊഫൈല്‍ ഉണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. രക്ഷിതാക്കളുടെ
യാതൊരു നിരീക്ഷണവും നിയന്ത്രണവും കൂടാതെ കുട്ടികളെ ഓണ്‍ലൈന്‍
കൂട്ടങ്ങളില്‍ സ്വതന്ത്രമായി മേയാന്‍ വിടുന്നത് അപകടകരമാണെന്ന് ഓഫ് കോം
മാര്‍ക്കറ്റ് റിസര്‍ച്ച് ഡയറക്ടര്‍ ജെയിംസ് തിക്കറ്റ് പറയുന്നു.
സൗഹൃദക്കൂട്ടങ്ങളില്‍
സുഹൃത്തുക്കളെ സ്വീകരിക്കുന്നതിനു വളരെ വിചിത്രമായ രീതികളാണ്
കൗമാരപ്രായക്കാര്‍ക്കു മുന്നില്‍ തുറന്നിടപ്പെടുന്നത്. `ഫ്രണ്ട്സ്'
എന്ന സ്വാഭാവിക വലയത്തില്‍ നിന്ന് `ഫ്രണ്ട്സ് ഓഫ് ഫ്രണ്ട്സ്' എന്ന
അനന്തമായ വലയത്തിലേക്ക് അവര്‍ വളരെ പെട്ടെന്ന് എത്തിപ്പെടുന്നു. ഇങ്ങനെ
കണ്ണികള്‍ കോര്‍ത്തു ഉപയോക്താക്കളുടെ എണ്ണം കൂട്ടുന്നതിനു ഓരോ സോഷ്യല്‍
നെറ്റ്വര്‍ക്കിനും അവരുടേതായ തന്ത്രങ്ങളും രീതികളുമുണ്ട്. ``എനിക്ക്
ഫേസ്ബുക്കില്‍ ആയിരം സുഹൃത്തുക്കളുണ്ട്'' എന്ന് ഒരു കുട്ടി പറയുമ്പോള്‍
അവരില്‍ തൊണ്ണൂറ് ശതമാനവും തീര്‍ത്തും അപരിചിതര്‍ ആയിരിക്കാനാണ് സാധ്യത.
ഈ അപരിചിതരിലേക്കാണ് അവര്‍ തങ്ങളുടെ സ്വകാര്യതകള്‍ കൈമാറുന്നത്. പുതിയ
സൗഹൃദങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ അതിനു ചില അതിര്‍വരമ്പുകള്‍
നിര്‍ണയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ആവശ്യമായിട്ടുള്ളത്.
ഇത്തരം
സൗഹൃദക്കൂട്ടങ്ങളുടെ ഇടയിലേക്ക് അതിക്രമിച്ച് കടക്കുന്ന
പൂവാലന്മാരുടെയും ലൈംഗിക ഫോട്ടോകളും വീഡിയോകളും പോസ്റ്റ്
ചെയ്യുന്നവരുടെയും ഐഡി സൈബര്‍ സെല്ലുകളെ അപ്പപ്പോള്‍ അറിയിക്കുക, മെയില്‍
ബോക്സുകളിലേക്ക് ഇത്തരം ഉരുപ്പടികള്‍ അയക്കുന്നവരുടെ ഇ-മെയില്‍
അഡ്രസുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുക തുടങ്ങി കുട്ടികള്‍ക്ക്
തന്നെ സ്വയം ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ഇ-സാക്ഷരത
വളര്‍ത്തിക്കൊണ്ടു വരേണ്ടത് അനിവാര്യമാണ്. ഓരോ പ്രദേശത്തെയും പരാതികള്‍
സ്വീകരിക്കുന്ന സൈബര്‍ സെല്ലുകളുടെ ഇ-മെയില്‍ അഡ്രസ്സുകള്‍ കുട്ടികളെയും
വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അറിയിക്കാനും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട
പരാതികള്‍ പരിഹരിക്കേണ്ട വിധം എങ്ങനെയെന്ന് ബോധവത്കരണം നടത്താനുമൊക്കെ ഈ
ഇ-സാക്ഷരത വഴി സാധിക്കണം. സര്‍ക്കാര്‍ ഏജന്‍സികളോട് സഹകരിച്ച് സാമൂഹ്യ
സന്നദ്ധ സംഘടനകള്‍ക്കും സാമുദായിക പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ ഈ രംഗത്ത്
ഏറെ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കാവുന്നതാണ്. പുതുതലമുറയുടെ
പുത്തന്‍രീതികള്‍ കണ്ടില്ലെന്ന് നടിക്കുന്നതിനേക്കാള്‍ ക്രിയാത്മകമാണ്
അവരെ തിരുത്തി മുന്നോട്ട് പോവുക എന്നത്.
Courtesy: www.shababweekly.net