അന്ധവിശ്വാസങ്ങളുടെ പരസ്യവിപണി

Mar 09 2010

                 കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌ മാധ്യമങ്ങള്‍. മലയാളിയുടെ ബോധമണ്ഡലത്തെ പ്രോജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്‌ മീഡിയയാണ്‌. രാഷ്‌ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ മലയാളിയുടെ ചിന്താമണ്ഡലത്തെ ഉയര്‍ത്തിനിര്‍ത്തുന്നതില്‍ മാധ്യമലോകം വഹിച്ച പങ്ക്‌ തള്ളിക്കളയാനാകില്ല. മൂല്യങ്ങളുടെ ഉറച്ച അസ്‌തിവാരത്തില്‍ നിന്നായിരുന്നു മാധ്യമങ്ങള്‍ അച്ചു നിരത്തിയത്‌ എന്നു നിസ്സംശയം പറയാനാവും. 

.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവോടെ മാധ്യമങ്ങളുടെ നൈതിക സ്വഭാവത്തിനു സാരമായ ഗതിമാറ്റം വന്നുവെന്ന നിരീക്ഷണം ശക്തമാണ്‌. ജനാധിപത്യത്തിനും മൂല്യങ്ങള്‍ക്കും കരുത്തുറ്റ പിന്‍ബലം നല്‌കിയ മലയാള മാധ്യമലോകം വാര്‍ത്താ വിന്യാസത്തിലും തെരഞ്ഞെടുപ്പിലും കാഴ്‌ചകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‌കിത്തുടങ്ങുകയായിരുന്നു. ദൃശ്യമാധ്യമങ്ങളുടെ വന്‍ തോതിലുള്ള കടന്നുവരവാണ്‌ പത്രങ്ങളുടെ നിലപാടുകളെ മാറ്റിമറിക്കാന്‍ ഇടയാക്കിയതെന്ന്‌ പ്രമുഖ മാധ്യമ നിരൂപകനും പാര്‍ലമെന്റേറിയനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിരീക്ഷിക്കുന്നുണ്ട്‌.

എഡിറ്റര്‍മാര്‍ക്കു പകരം മാനേജര്‍മാരും മാര്‍ക്കറ്റിംഗ്‌ മാനേജര്‍മാരും വാര്‍ത്തകളുടെ വിന്യാസത്തെയും ഉള്ളടക്കത്തെയും നിര്‍ണയിച്ചു തുടങ്ങിയ വേളയില്‍ മാധ്യമങ്ങളെ വാര്‍ത്തെടുത്ത കരുത്തുറ്റ പത്രാധിപരെ തിരിച്ചുവിളിക്കുക എന്ന ആവശ്യത്തിന്‌ പ്രസക്തിയേറി. ഇതു കൂടുതല്‍ ബോധ്യപ്പെടുത്തുന്നതാണ്‌ ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥ. സര്‍ക്കുലേഷനും പരസ്യങ്ങളും മാത്രമാണ്‌ മാധ്യമ മാനേജര്‍മാര്‍ക്കു വേണ്ടത്‌.

പിടിച്ചുനില്‌ക്കാനും മുന്നിലെത്താനും പരസ്യം വേണം. അതിശക്തമായ മത്സരമുള്ള സങ്കീര്‍ണമായൊരു വ്യവസായ ലോകമായി വാര്‍ത്താവിതരണ സ്ഥാപനങ്ങള്‍ മാറി. 1990കളുടെ അവസാനത്തോടെ ദൃശ്യമാധ്യമങ്ങളുടെ ചുവടുകള്‍ക്കൊപ്പിച്ച്‌ അച്ചടി മാധ്യങ്ങളുടെയും നിറം മാറി. മത്സരത്തിന്റെ ലോകത്തു ഒരുപാട്‌ തന്ത്രങ്ങള്‍. പരസ്യവും സര്‍ക്കുലേഷനും വര്‍ധിപ്പിക്കാനുള്ള മത്സരത്തിനിടക്ക്‌ നേരും ധര്‍മവും ചോര്‍ന്നുപോയി. സര്‍ക്കുലേഷനു വേണ്ടി വാഗ്‌ദാനപ്പെരുമഴകളും സമ്മാനങ്ങളും പിന്നാലെ ഇന്‍ഷുറന്‍സ്‌ പദ്ധതികളുമായി പ്രധാന ചൂണ്ടകള്‍.

പരസ്യങ്ങളാണ്‌ മാധ്യമവ്യവസായത്തെ താങ്ങി നിര്‍ത്തുന്ന ഏറ്റവും പ്രധാന വരുമാന മേഖല. എല്ലാ അതിരുകളും നിയന്ത്രണങ്ങളും വിശ്വാസ്യത പോലും തകര്‍ക്കും വിധമായി വരുമാനത്തിനു വേണ്ടിയുള്ള നെട്ടോട്ടം. യുക്തിക്കും വിശ്വാസത്തിനും തെല്ലും നിരക്കാത്ത വിധം അന്ധവിശ്വാസങ്ങളും മന്ത്രവാദങ്ങളും അച്ചടിമാധ്യങ്ങളുടെ താളുകളിലും ദൃശ്യമാധ്യമങ്ങളുടെ വിലപിടിച്ച നിമിഷങ്ങളിലും കയറി നിരങ്ങി. മദ്യത്തിനും പുകയില ഉത്‌പന്നങ്ങള്‍ക്കും ഭാഗ്യക്കുറികള്‍ക്കും സമാനമായതോ ഒട്ടും കുറയാത്തതോ ആയ അളവില്‍ ഇത്തരം സ്ഥാപനങ്ങളും മാധ്യമങ്ങളുടെ സാമ്പത്തിക ദാഹം തീര്‍ത്തു.

അളവുകളില്‍ അല്‌പസ്വല്‌പം വ്യത്യാസപ്പെട്ടുവെങ്കിലും വ്യത്യസ്‌ത മത, രാഷ്‌ട്രീയ കക്ഷികളുടെ പിന്‍ബലമുള്ള ഒട്ടുമിക്ക മാധ്യമങ്ങളും ഈ വഴിയില്‍ നിന്നു മാറി സഞ്ചരിക്കാന്‍ തയ്യാറായില്ല. എന്നു മാത്രമല്ല ഉപഭോഗാസക്തമായ സമൂഹത്തില്‍ പൊതുജനങ്ങളുടെ ദൗര്‍ബല്യവും മനശ്ചാഞ്ചല്യങ്ങളും മോഹഭംഗങ്ങളും സാമ്പത്തിക പരവേശങ്ങളും ചൂഷണം ചെയ്‌ത്‌ വിറ്റുകാശാക്കുന്ന കാര്യത്തില്‍ മത്സരിക്കുകയായിരുന്നു. അവ ജീവിതപ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍ ശാശ്വത പരിഹാരത്തിന്‌ സമീപിക്കാനാണ്‌ സാന്ത്വന ചികിത്സയിലൂടെ ചിലര്‍ ആവശ്യപ്പെടുന്നത്‌. ഇത്തരം സാന്ത്വന വീരന്മാര്‍ക്ക്‌ പത്രത്തിന്റെ ഇയര്‍പാനലുകളില്‍ തന്നെ ഇടം ലഭിക്കുന്നു. ചാത്തന്‍ സേവയുടെ മൊത്തക്കച്ചവടം തൃശൂര്‍ ആസ്ഥാനമായാണെങ്കില്‍ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും തപാലിലും അല്ലാതെയും ചികിത്സയും ഏലസ്സും ഐക്കല്ലുമായി വിദഗ്‌ധര്‍ കാത്തിരിക്കുന്നത്‌ കൊല്ലത്താണ്‌ ഏറെയും. തങ്ങന്മാരുടെയും സയ്യിദുമാരുടെയും പ്രധാന കേന്ദ്രം മലപ്പുറമാണ്‌.

കല്ലുകള്‍ക്കും ഐക്കല്ലുകള്‍ക്കും രുദ്രാക്ഷങ്ങള്‍ക്കും ഏലസ്സുകള്‍ക്കും മദനകാമേശ്വരി ഏലസ്സുകള്‍ക്കും അറബി മാന്ത്രികത്തിനും കാമദേവാകര്‍ഷണ ഏലസ്സുകള്‍ക്കും മുന്നില്‍ കുരുക്കഴിയാത്ത പ്രശ്‌നങ്ങളില്ല, ഇഴ ചേരാത്ത ബന്ധങ്ങളില്ല, ഓടിയൊളിക്കാത്ത പൈശാചിക ബാധകളില്ല, ഉരുകാത്ത ജീവിത പ്രതിസന്ധികളില്ല! ഓടിമറയാത്ത വസ്‌വാസുകളും വാസ്‌തുദോഷങ്ങളുമില്ല. സാമ്പത്തിക വിഷമങ്ങള്‍, കടം, ശത്രുദോഷം തുടങ്ങി മനുഷ്യര്‍ക്കുണ്ടാകാവുന്ന സകല പ്രശ്‌നങ്ങളും പരിഹരിച്ച്‌ ഐശ്വര്യ, ധന വര്‍ധനവിനും വശീകരണ ശേഷി നിര്‍ലോഭം ലഭിക്കാനും എത്ര ജ്യോതിഷാലയങ്ങളാണ്‌, സയ്യിദു-തങ്ങന്മാരാണ്‌, ക്ലിനിക്കുകളാണ്‌ സജ്ജമായിരിക്കുന്നത്‌! ഇവയുടെ പരസ്യങ്ങള്‍ യാതൊരു ലോപവും മനസ്സാക്ഷിക്കുത്തും ഇല്ലാതെ പ്രസിദ്ധീകരിക്കാന്‍ 99 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രത്തെ പോലെ മറ്റാര്‍ക്കാണ്‌ മത്സരിക്കാനാവുക.

ചെറുകിട പത്രങ്ങള്‍ കൂടാതെ ഒന്നും രണ്ടും പേജ്‌ ക്ലാസിഫൈഡ്‌ പരസ്യങ്ങള്‍ കൊടുക്കുന്ന പ്രായവും പക്വതയും കൊണ്ട്‌ വാര്‍ധക്യത്തിലെത്തിയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ യാതൊരു ജാഗ്രതയും കാണിക്കാറില്ല. പരസ്യങ്ങള്‍ക്കു മുകളില്‍ ക്ലാസിഫൈഡ്‌ എന്ന എംബ്ലം കൊടുത്താല്‍ തകര്‍ന്നു തരിപ്പണമായ വിശ്വാസ്യത തിരിച്ചുകിട്ടുമെന്ന സൂത്രവിദ്യ ആരാണാവോ ഇവര്‍ക്കു പറഞ്ഞുകൊടുത്തത്‌. മാസ്‌റ്റര്‍ ഹെഡിനു താഴെ വിശ്വാസ്യതയുടെ വര്‍ഷങ്ങള്‍ എന്നു പ്രസിദ്ധീകരിക്കേണ്ടിവന്നത്‌ ഇല്ലാത്ത വിശ്വാസ്യത ബോധ്യപ്പെടുത്തേണ്ടി വരുന്നതുകൊണ്ടാകുമോ? വിവാഹതടസ്സവും കുടുംബകലഹവും ബിസിനസ്‌ തകര്‍ച്ചയും മാനസിക പിരിമുറുക്കവും തപാലിലും അല്ലാതെയും പരിഹരിച്ചുകൊടുക്കാന്‍ സമുദായ പത്രങ്ങളില്‍ എത്ര ക്ലാസിഫൈഡ്‌ പരസ്യങ്ങളാണ്‌ തയ്യാറായി നിത്യവും വെളിച്ചം കാണുന്നത്‌.

വിഷ്‌ണു മായയുടെ അനുഗ്രഹമായാലും ചാത്തന്‍സേവയായാലും അത്ഭുത-അറബി സിദ്ധ മോതിരമായാലും വാചകങ്ങളില്‍ മൂര്‍ച്ചകൂട്ടാന്‍ ചില്ലറ മാറ്റങ്ങള്‍ മാത്രം. വിവാഹം, പ്രേമം, ശത്രു നിഗ്രഹം, ബിസിനസ്‌ അഭിവൃദ്ധി, മാനസിക പിരിമുറുക്കത്തില്‍ നിന്നുള്ള മോചനം, ശത്രുവിന്റെയും മിത്രത്തിന്റെയും പേരു പറഞ്ഞു കൊടുക്കുന്ന സിദ്ധി, വഴക്കുകള്‍ മാറി സ്വച്ഛമായ കുടുംബ ബന്ധം... വാഗ്‌ദാനങ്ങള്‍ ഏറെക്കുറെ സമാനമായിരിക്കും.

മുടങ്ങാതെ, തുടര്‍ച്ചയായി പരസ്യം ലഭിക്കുന്നതു മാത്രമല്ല കൃത്യമായി കാശു ലഭിക്കുന്നുവെന്നതും കണ്ണുമടച്ച്‌ ഇത്തരം ചൂഷണപരസ്യക്കച്ചവടങ്ങള്‍ക്കു പിന്നാലെ പായാന്‍ വാര്‍ത്താമാധ്യമങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന്‌ മാര്‍ക്കറ്റിംഗ്‌ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തും. മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടീവുകള്‍ക്ക്‌ വല്ലാതെ വിയര്‍ക്കാതെ എളുപ്പം സംഘടിപ്പിക്കാവുന്ന പരസ്യ ഉറവിടങ്ങളാണിത്തരം `സ്ഥാപന'ങ്ങള്‍. പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ്‌ ഇത്തരം ഏതെങ്കിലും പരസ്യങ്ങളുടെ ഉറവിടം അന്വേഷിക്കാനോ വിശ്വാസ്യത പരിശോധിക്കാനോ പത്രങ്ങള്‍ക്ക്‌ യാതൊരു ഉത്തരവാദിത്തവുമില്ലേ? മോഹന വാഗ്‌ദാനങ്ങളില്‍ പെട്ടു വട്ടംകറങ്ങുന്ന, പണവും സമയവും നഷ്‌ടപ്പെടുന്ന അസംഘടിതരായ വായനക്കാരോടും കാഴ്‌ചക്കാരോടും മാധ്യമങ്ങള്‍ക്ക്‌ യാതൊരു ഉത്തരവാദിത്തവുമില്ലേ..!

രുദ്രാക്ഷ മാലയുടെയും സിദ്ധ മോതിരത്തിന്റെയും പരസ്യങ്ങള്‍ക്ക്‌ മലയാളത്തിലെ (സര്‍ക്കാര്‍ ചാനലൊഴികെ) ആദ്യ വാര്‍ത്താചാനലും സമ്പൂര്‍ണ വാര്‍ത്താചാനലും മുഴുസമയ എന്റര്‍ടെയ്‌ന്‍മെന്റ്‌ ചാനലും ജനതയുടെ സാക്ഷാത്‌കാരമായെത്തിയ ചാനലുകളുമുള്‍പ്പെടെ എത്ര സമയമാണ്‌ നീക്കിവെക്കാറുള്ളത്‌. സെക്കന്റിന്‌ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും ടി ആര്‍ പി റേറ്റിംഗ്‌ ഉള്ള ചാനലുകളിലാണ്‌ മിനുട്ടുകള്‍, ചിലപ്പോള്‍ അര മണിക്കൂര്‍ വരെ കാഴ്‌ചക്കാരുടെ മനസ്സുകളിലേക്ക്‌ കിടിലന്‍ വാഗ്‌ദാനങ്ങളായി പെയ്‌തിറങ്ങുന്നത്‌. പ്രതിവാര, പ്രതിദിന നക്ഷത്ര ഫലങ്ങളില്ലാതെ ടി വി പ്രേക്ഷകര്‍ ബുദ്ധിമുട്ടുന്നില്ല!

ഇത്തരം പരസ്യങ്ങള്‍ക്കെല്ലാമുള്ള പ്രകടമായ `ഗുണം' ജാതി, മത ഭേദമന്യേ അനുഗ്രഹം വാരിക്കോരി കൊടുക്കുമെന്നതാണ്‌. ഒരു കണ്ടീഷന്‍ മാത്രമേ ഉള്ളൂ. തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്ന കിഴിയുടെ കനം കുറയരുത്‌. ഇങ്ങനെ തരപ്പെടുത്തുന്ന കനപ്പെട്ട കിഴികളുടെ ബലത്തില്‍ ഉയര്‍ന്ന പരസ്യ നിരക്കുള്ള ഏതു പത്രത്തിലാണ്‌ നിയന്ത്രണമില്ലെങ്കില്‍ ഇവ്വിധം പരസ്യം നല്‌കിക്കൂടാത്തത്‌. റൊക്കം കാശ്‌, അല്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്‌ചക്കുള്ളില്‍ ചെക്ക്‌... ഇത്ര കൃത്യമായി പണം നല്‌കാന്‍ ഏതു ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കാണു കഴിഞ്ഞിട്ടുള്ളത്‌. ഉപഭോഗാസക്തിയില്‍, പണമുണ്ടാക്കാനായി ഓടിനടന്ന്‌ ആധി പിടിച്ച്‌, മാനസിക കരുത്തുചോര്‍ന്ന ദുര്‍ബലരുടെ പണം കൊണ്ട്‌ തടിച്ചുകൊഴുത്ത അന്ധവിശ്വാസ കച്ചവടക്കാരുടെ പരസ്യങ്ങള്‍കൊണ്ടുള്ള വരുമാനത്തിന്‌ ഏത്‌ മാധ്യമ ധര്‍മമാണ്‌ സ്ഥാപനങ്ങള്‍ക്ക്‌ ന്യായം പറയാനുള്ളത്‌.

ഇത്തരം പരസ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ നിര്‍ബാധം വരുന്നതിനും ചില ന്യായങ്ങളുണ്ട്‌. പ്രശ്‌നങ്ങള്‍ക്ക്‌ ഹോള്‍സെയില്‍ പരിഹാരം ഉറപ്പുനല്‌കുന്ന ഇത്തരക്കാരെ സമീപിച്ച്‌ പരാജയപ്പെട്ടുവെന്ന്‌ പുറത്തുപറയാനുള്ള തന്റേടം ഇരകളാരും കാണിക്കുന്നില്ലെന്നത്‌ വസ്‌തുതയാണ്‌. ഇത്തരം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിസ്സാരമായ നേട്ടങ്ങള്‍ പോലും പൊലിപ്പിച്ചു പ്രചരിപ്പിക്കാന്‍ അനുയായി വൃന്ദം തയ്യാറാകുന്നു. അതേസമയം നൂറു നൂറു പേര്‍ വഞ്ചിക്കപ്പെട്ട കഥകള്‍ പുറത്തുവരുന്നുമില്ല. മാത്രമല്ല, വിദൂര പ്രദേശങ്ങളിലേക്കാണ്‌ ഇത്തരം ദുര്‍ബല മനസ്‌കര്‍ ചികിത്സയും അനുഗ്രഹവും തേടിപ്പോവുക. പരിചയക്കാര്‍ ആരുടെയും കണ്ണില്‍ പെടരുതെന്ന കാരണത്താല്‍ രഹസ്യസ്വഭാവത്തിലാണ്‌ ഇത്തരം കേന്ദ്രങ്ങളെ സമീപിക്കുക. സ്വന്തം ജില്ല പരമാവധി ഒഴിവാക്കുകയും ചെയ്യും.

പരസ്യവരുമാനത്തില്‍ നല്ലൊരു വിഹിതം കൈപ്പറ്റി കഴിഞ്ഞതിനാല്‍ ഇത്തരക്കാരുടെ തനിനിറം തേടിപ്പോകാനുള്ള `അന്വേഷണത്വര' മുഖ്യധാരയിലുള്ളതുള്‍പ്പെടെ ഇത്തരം മാധ്യമങ്ങള്‍ക്ക്‌ ഉണ്ടാവുന്നില്ല. എങ്ങാനും ആരുടെയൊക്കെയോ ചെലവില്‍ സന്തോഷ്‌ മാധവനെപ്പോലെയുള്ള തട്ടിപ്പു സ്വാമിമാരോ സിദ്ധന്മാരോ തങ്ങന്മാരോ വിശുദ്ധ പ്രഘോഷകരോ വലയില്‍ വീണാല്‍ നിവൃത്തിയില്ലാതെ പരമ്പര തീര്‍ക്കുമ്പോള്‍, ഇത്തരക്കാര്‍ക്ക്‌ പരസ്യങ്ങള്‍ കൊണ്ട്‌ ഇരകളെ സൃഷ്‌ടിച്ചുകൊടുത്തതില്‍ ഇവര്‍ക്ക്‌ അല്‌പമെങ്കിലും മനസ്സാക്ഷിക്കുത്തുമില്ല!

വിശ്വാസത്തിന്റെ പേരു പറഞ്ഞാണ്‌ ഇത്തരം നൂറു നൂറു കൊടും തട്ടിപ്പുവീരന്മാരെ തൊടാതിരിക്കുന്നതെന്നാണ്‌ ന്യായം. വിശ്വാസചൂഷണത്തിന്റെ മറവില്‍ പരസ്യയിനത്തില്‍ ലഭിച്ച കാശിന്റെ കിലുക്കമല്ലാതെ വിശ്വാസവുമായി ഇത്തരക്കാര്‍ക്ക്‌ എന്തു ബന്ധമാണുള്ളത്‌. താടിയും മുടിയും നീട്ടി സാത്വികരുടെ വേഷം കെട്ടി കാമകേളി പരിശീലിപ്പിച്ച സന്തോഷ്‌ മാധവനെപ്പോലെ എത്ര സിദ്ധന്മാര്‍. മുസ്‌ലിം, ക്രിസ്‌ത്യന്‍, ഹിന്ദു ഭേദമില്ലാതെ ജനങ്ങളുടെ സകലമാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി ജീവിതം ഉഴിഞ്ഞുവെച്ച്‌ മലയാളിയെ മാടിവിളിക്കുന്നുണ്ട്‌.

മാന്ദ്യകാലത്ത്‌ മാധ്യമങ്ങള്‍ക്ക്‌ പരസ്യവരുമാനത്തില്‍ വന്‍ തോതില്‍ ഇടിവുണ്ടായപ്പോഴും ശ്രദ്ധേയമായ കാര്യമാണ്‌ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരസ്യങ്ങളില്‍ യാതൊരു കുറവുമുണ്ടായില്ലെന്നത്‌. മാധ്യമങ്ങളുടെ എണ്ണവും അതോടൊപ്പം പിടിച്ചുനില്‌ക്കാനുള്ള മത്സരവും കൂടിയപ്പോള്‍ ഗതിമാറ്റം വളരെ വേഗത്തിലായിരുന്നു. ഇനിയും അര ഡസനോളമെങ്കിലും ചാനലുകള്‍ കേരത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ദൃശ്യദാഹം തീര്‍ക്കാനായി സംപ്രേഷണം തുടങ്ങാനിരിക്കുന്നു.

ഓരോ കണ്ടുപിടുത്തങ്ങളും ശാസ്‌ത്ര നേട്ടങ്ങളും ഏറ്റവുമാദ്യം ഉപയോഗിക്കുന്നത്‌ വിശ്വാസചൂഷണം തൊഴിലാക്കിയ ഇത്തരം പ്രസ്ഥാനങ്ങളാണെന്നതാണ്‌ വിരോധാഭാസം. ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചുകൊടുക്കുന്ന പുണ്യകേന്ദ്രങ്ങളിലേക്ക്‌ സിയാറത്തു യാത്രകള്‍ നടത്താനും പുണ്യം കരസ്ഥമാക്കാനും ഓണ്‍ലൈനായി അവസരമൊരുക്കി കാത്തിരിക്കുകയാണ്‌ ചൂഷകര്‍.

പരസ്യങ്ങള്‍ മുഖേനെയും വാര്‍ത്തകള്‍ കണക്കെയുള്ള പരസ്യങ്ങളിലൂടെയും കേരളീയ സാമൂഹിക പരിസരങ്ങളില്‍ ജ്വലിച്ചുനിന്ന പലരും ഇന്ന്‌ നാണിപ്പിക്കുന്ന പീഡനക്കേസുകളില്‍ പെട്ട്‌ ജയിലുകളിലാണ്‌. ഇനിയും എത്ര ഭാഗ്യ വിതരണക്കാര്‍ ഭാഗ്യംകൊണ്ട്‌ പിടിക്കപ്പെടാതെ കേരളത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ വിലസുന്നുണ്ടാകും.

ആരാണ്‌ കുറ്റക്കാര്‍? ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്‌ത്‌ തടിച്ചുകൊഴുക്കുന്ന, കൂടുതല്‍ കൂടുതല്‍ ഇരകളെ കണ്ടെത്താനായി പരസ്യം നല്‌കുന്ന വിശ്വാസത്തട്ടിപ്പു വീരന്മാരോ യാതൊരു തത്വദീക്ഷയുമില്ലാതെ കാശു മാത്രം നോക്കി പരസ്യം പ്രസിദ്ധം ചെയ്യുന്ന വിവിധ മാധ്യമങ്ങളോ? ആരെയാണ്‌, പ്രബുദ്ധതയുടെ ഉത്തുംഗതയില്‍ നിന്നു വിശ്വാസത്തട്ടിപ്പുകാരുടെ ആലയങ്ങളിലേക്ക്‌ തലകുത്തി വീഴുന്ന മലയാളി പഴിക്കേണ്ടത്‌?.