അല്ലാഹു ആരുടെ ദൈവം?

Mar 09 2010

അഭിമുഖം - ഡോ. ചന്ദ്ര മുസഫര്‍

ക്രിസ്‌ത്യാനികള്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതിനെ എന്തുകൊണ്ടാണ്‌ മലേഷ്യയിലെ മുസ്‌ലിംകള്‍ ഇത്രയധികം എതിര്‍ക്കുന്നത്‌?

              ഇത്‌ തങ്ങള്‍ക്ക്‌ മാത്രമായുള്ള പ്രത്യേക പദമാണ്‌ എന്ന തോന്നലാണ്‌ ക്രിസ്‌ത്യാനികള്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ചില പേടി മുസ്‌ലിംകള്‍ക്കിടയില്‍ വളരാന്‍ കാരണം. മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനും അവരെ സാവകാശം ക്രിസ്‌ത്യാനികളാക്കി പരിവര്‍ത്തിപ്പിക്കാനും ചില ക്രിസ്‌ത്യാനികള്‍ മനപ്പൂര്‍വം ഈ പദത്തെ ഉപയോഗപ്പെടുത്തുകയാണെന്നും മുസ്‌ലിംകള്‍ ആശങ്കപ്പെടുന്നുണ്ട്‌. ഈ ആശങ്കകളെ പിന്തുണക്കുന്ന പൊതു മുസ്‌ലിം സമൂഹം ഇസ്‌ലാമിന്‌ ചില പ്രത്യേകതകളുണ്ടെന്നും അത്‌ മാത്രമാണ്‌ സത്യമെന്നും അല്ലാഹുവാണ്‌ ദൈവം എന്നുള്ളത്‌ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനതത്വമാണെന്നും അത്‌ ഉപയോഗിക്കാനുള്ള അധികാരം തങ്ങള്‍ക്ക്‌ മാത്രമാണെന്നും വിശ്വസിക്കുന്നു.

.

എന്നാല്‍ വ്യക്തിപരമായി ഈ ചിന്തയോട്‌ ഞാന്‍ യോജിക്കുന്നില്ല. അതേസമയം മലയക്കാര്‍ എന്ന നിലയിലുള്ള വിശാല രാഷ്‌ട്രീയ കാഴ്‌ചപ്പാടില്‍ മലേഷ്യന്‍ മുസ്‌ലിംകള്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നതും മനസ്സിലാക്കണം. മലേഷ്യ തങ്ങളുടെ സ്വന്തമാണെന്ന കാഴ്‌ചപ്പാടാണ്‌ രാജ്യത്തെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം വിഭാഗത്തിനുമുള്ളത്‌. മലേഷ്യ മലയ്‌ ഭൂമിയാണെന്നുള്ള ചരിത്രപരമായ കാഴ്‌ചപ്പാടാണ്‌ ഇതിനു പിന്നില്‍. എന്നാല്‍ വലിയൊരു വിഭാഗം മലയക്കാരല്ലാത്തവര്‍ ഇന്ന്‌ മലേഷ്യയില്‍ ജീവിക്കുന്നുണ്ട്‌. അവര്‍ സാമ്പത്തികമായി ശക്തരാണ്‌. തങ്ങള്‍ മലയ്‌ സ്വത്വത്തിന്റെ വലിയ സ്‌തംഭങ്ങളാണെന്നും ആ സ്വത്വബോധം സംരക്ഷിക്കേണ്ടത്‌ തങ്ങളുടെ ബാധ്യതയാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

മലയ്‌ വ്യക്തിത്വത്തിന്റെ മൂന്ന്‌ സുപ്രധാന സ്‌തംഭങ്ങളില്‍ നിര്‍ണായകമായ ഒന്നാണ്‌ ഇസ്‌ലാം. മറ്റൊന്ന്‌ മലയ്‌ ഭാഷയും മൂന്നാമത്തേത്‌ മലയ്‌ സുല്‍ത്താന്മാരുമാണ്‌. മറ്റ്‌ രണ്ട്‌ സ്‌തംഭങ്ങളെ അപേക്ഷിച്ച്‌ ഇസ്‌ലാം മലയ്‌ വ്യക്തിത്വത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമാണെന്നും ആരാധ്യന്‍ അല്ലാഹുവാണ്‌ എന്ന കാഴ്‌ചപ്പാടാണ്‌ ഇതിന്റെ ഏറ്റവും അടിസ്ഥാന തത്വമെന്നും അവര്‍ വിശ്വസിക്കുന്നു. ഈ സ്വത്വബോധത്തില്‍ നിന്നുകൊണ്ട്‌ നമ്മള്‍ പുതിയ ഭീഷണികളെ നോക്കിക്കാണുകയും കയ്യില്‍ നിന്ന്‌ പോകാതെ കാര്യങ്ങളെ കൈകാര്യം ചെയ്യുകയും വേണം. കൊളോണിയല്‍ ഭരണകാലത്തും പിന്നീട്‌ സ്വാതന്ത്ര്യാനന്തരം സ്വന്തം രാജ്യത്ത്‌ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന സമുദായമായി മാറിയപ്പോഴും മലയക്കാര്‍ എന്ന പൊതുവികാരം അവരില്‍ എങ്ങനെ നിലനിന്നു എന്നതിനെ തന്മയത്വത്തോടെ മനസ്സിലാക്കാന്‍ കഴിയണം. നിരവധി മലയക്കാരില്‍ ഉയര്‍ന്നുവന്നിട്ടുള്ള സ്വത്വപരമായ ഭയത്തെയും ആശങ്കയെയും രാജ്യത്തെ അമുസ്‌ലിംകളും വിലമതിക്കണം എന്നാണ്‌ എന്റെ അഭിപ്രായം.

അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്ന്‌ അമുസ്‌ലിംകളെ ഇസ്‌ലാം വിലക്കിയിട്ടില്ലെന്ന കാര്യം മലേഷ്യന്‍ മുസ്‌ലിംകളെ ബോധ്യപ്പെടുത്തണമെന്നതാണ്‌ മറ്റൊരു കാര്യം. നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, പൊതുവിദ്യാഭ്യാസത്തിന്റെ അഭാവം ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന്‌ അവരില്‍ തടസ്സം സൃഷ്‌ടിച്ചിട്ടുണ്ട്‌. നമ്മള്‍ ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുകയും ഇതര മതവിശ്വാസം പുലര്‍ത്തുന്നവരെ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്ന്‌ ഖുര്‍ആന്‍ വിലക്കിയിട്ടില്ലെന്ന യാഥാര്‍ഥ്യം അവരോട്‌ പറയുകയും ചെയ്യണം. ദൈവം എന്ന അര്‍ഥത്തില്‍ നിരവധി അമുസ്‌ലിംകള്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നുണ്ടെന്നത്‌ മലേഷ്യന്‍ മുസ്‌ലിംകളെ ബോധ്യപ്പെടുത്തണം. വസ്‌തുതാപരമായി മനസ്സിലാക്കിയാല്‍ അല്ലാഹു എന്ന പദം ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടും മുമ്പേ ഉപയോഗിച്ചിരുന്നതായി കാണാനാവും.


പ്രവാചകന്റെ കാലത്തിനു മുമ്പ്‌ നിരവധി അറബ്‌ ക്രിസ്‌ത്യാനികള്‍ ദൈവം എന്ന അര്‍ഥത്തില്‍ അല്ലാഹു എന്ന പദം ഉപയോഗിച്ചിരുന്നുവെന്ന്‌ കാണാം. ഇസ്‌ലാം അറബ്‌ ലോകത്ത്‌ വ്യാപകമായ ഘട്ടത്തിലും അറബ്‌ ക്രിസ്‌ത്യാനികളെ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്ന്‌ മുസ്‌ലിംകള്‍ വിലക്കിയിരുന്നില്ല. മറ്റൊരു വിവക്ഷയിലായിരുന്നു ഇവിടെ അറബ്‌ ക്രിസ്‌ത്യാനികള്‍ അല്ലാഹു എന്ന പദം ഉപയോഗിച്ചിരുന്നത്‌ എന്ന വ്യത്യാസമുണ്ട്‌. ഒരു ഘട്ടത്തിലും അതൊരു മതപരമായ പ്രശ്‌നമായി വളര്‍ന്നിരുന്നില്ല. നിരവധി വിഷയങ്ങളില്‍ അറബ്‌ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും തമ്മില്‍ ആശയപരമായ വ്യത്യാസം നിലനിന്നിരുന്നെങ്കിലും അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഒരു ഘട്ടത്തിലും അറബ്‌ ലോകത്ത്‌ അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നില്ലെന്നത്‌ മനസ്സിലാക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ മലേഷ്യന്‍ മുസ്‌ലിംകള്‍ കൂടുതല്‍ അറിവ്‌ നേടേണ്ടതുണ്ടെന്ന്‌ ഞാന്‍ കരുതുന്നു.

കിഴക്കന്‍ മലേഷ്യയിലെ ക്രിസ്‌ത്യന്‍ സഭകളും സാര്‍വകുകളും കഴിഞ്ഞ ഒരു നൂറ്റാണ്ടായി ദൈവം എന്നതിന്‌ അല്ലാഹു എന്ന വാക്ക്‌ ഉപയോഗിച്ചുവരുന്നുണ്ട്‌. ഇപ്പോള്‍ പുറത്തിറങ്ങുന്ന ബൈബിളിന്റെ ഇന്തൊനേഷ്യന്‍ വിവര്‍ത്തനത്തില്‍ ദൈവം എന്ന്‌ സൂചിപ്പിക്കാന്‍ സാങ്കേതികമായി അല്ലാഹു എന്ന പദമാണ്‌ ഉപയോഗിക്കുന്നത്‌. മലയ്‌ ഭാഷയിലേക്ക്‌ ബൈബിള്‍ വിവര്‍ത്തനം നിര്‍വഹിച്ച ഡച്ച്‌ ക്രിസ്‌ത്യന്‍ മിഷനറിമാരും ഇതേ രീതിയാണ്‌ പിന്തുടര്‍ന്നത്‌. ക്രിസ്‌ത്യന്‍ മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നവരെ ലക്ഷ്യം വെച്ചായിരുന്നു ഇത്‌. ഇവിടെ മലയ്‌ ഭാഷയിലെ തുഹാന്‍ എന്ന പദത്തിനു പകരമായി വിവര്‍ത്തനത്തിലുടനീളം അല്ലാഹു എന്ന പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ ക്രിസ്‌ത്യന്‍ സഭകളോ സാര്‍വകുകളോ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നത്‌ വിലക്കണമന്ന്‌ നമ്മളാരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. കിഴക്കന്‍ മലേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നിരവധി ക്രിസ്‌ത്യന്‍ കുടുംബങ്ങളും മുസ്‌ലിം കുടുംബങ്ങളും തികഞ്ഞ സൗഹാര്‍ദത്തോടെ ജീവിക്കുന്നുണ്ട്‌.

മലേഷ്യയില്‍ തന്നെ ജീവിക്കുന്ന സിക്ക്‌, ഹിന്ദു മതക്കാരും ദൈവത്തെ സൂചിപ്പിക്കാന്‍ മറ്റു വാക്കുകള്‍ക്കൊപ്പം അല്ലാഹു എന്ന പദവും ഉപയോഗിക്കുന്നുണ്ട്‌. സിക്ക്‌ മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ്‌ സാഹിബിന്റെ മലയ്‌ തര്‍ജമയില്‍ 46 തവണ ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നുണ്ട്‌.

അറബികളല്ലാത്ത ക്രിസ്‌ത്യാനികള്‍ അല്ലാഹു എന്ന വാക്ക്‌ പൊതുവെ ഉപയോഗിക്കാറില്ല. എന്നാല്‍ കോടതിവിധിക്കെതിരെ മുസ്‌ലിംകളില്‍ നിന്ന്‌ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ചില ക്രിസ്‌ത്യാനികള്‍ മാത്രം ബഹളംവെക്കുന്നത്‌ എന്തിനാണ്‌?

ചില ക്രിസ്‌ത്യന്‍ ഗ്രൂപ്പുകള്‍ക്ക്‌ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ ഇത്‌. യഥാര്‍ഥത്തില്‍ അവര്‍ക്ക്‌ മുസ്‌ലിംകള്‍ക്കിടയില്‍ ക്രൈസ്‌തവത പ്രചരിപ്പിക്കേണ്ടതുണ്ട്‌. ലോകത്തൊട്ടാകെ വരുന്ന ഭൂരിപക്ഷം ക്രിസ്‌ത്യാനികളും എന്തുകൊണ്ട്‌ ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നില്ല എന്ന്‌ നമ്മള്‍ അവരോട്‌ തിരിച്ചുചോദിക്കണം. തങ്ങള്‍ക്ക്‌ ചിലതെല്ലാം മലേഷ്യയില്‍ ചെയ്യേണ്ടതുണ്ട്‌ എന്നുതന്നെയാണ്‌ ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വ്യക്തമാക്കുന്നത്‌. ഈ വിഷയത്തെ വെറും മതപരമായ പ്രശ്‌നമായി ഞാന്‍ നോക്കിക്കാണുന്നില്ല. വംശീയമായ ചില തര്‍ക്കങ്ങളും ഇതിനുപിന്നിലുണ്ട്‌. മുസ്‌ലിംകള്‍ക്ക്‌ എതിരായ നിലപാടാവും അത്‌ എന്ന കാഴ്‌ചപ്പാടുകൊണ്ടുതന്നെ ഹിന്ദുക്കളോ ബുദ്ധമതക്കാരോ ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പദം പൊതുവെ ഉപയോഗിക്കാറില്ല.

വിവാദം സംബന്ധിച്ച്‌ താങ്കളുടെ വ്യക്തിപരമായ നിലപാട്‌ എന്താണ്‌?

അല്ലാഹു എന്ന പദം മുസ്‌ലിംകള്‍ക്ക്‌ മാത്രമേ ഉപയോഗിക്കാവൂ എന്ന മതപരമായ മര്‍ക്കടമുഷ്‌ടിയോ അവകാശവാദമോ എനിക്കില്ല. കാരണം ഇത്തരമൊരു അവകാശവാദത്തിന്‌ ഖുര്‍ആനിന്റെ യാതൊരു പിന്‍ബലവുമില്ല. അമുസ്‌ലിംകള്‍ ദൈവത്തെ അല്ലാഹു എന്ന്‌ വിശേഷിപ്പിക്കുന്നതിനോട്‌ ഖുര്‍ആന്‍ എവിടെയും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നത്‌, മുസ്‌ലിംകളാണെങ്കിലും അല്ലെങ്കിലും ദൈവത്തെ അല്ലാഹു എന്ന പദംകൊണ്ട്‌ വിശേഷിപ്പിക്കാന്‍ അവര്‍ക്ക്‌ അവകാശമുണ്ടെന്നു തന്നെയാണ്‌. എന്നാല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി ഇതിനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാകുന്നത്‌. ആരെങ്കിലും ദൈവത്തെ അല്ലാഹു എന്ന്‌ വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരെ തടയരുത്‌. എന്നാല്‍ അത്‌ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ കുറ്റകരമാണെന്ന്‌ ബോധ്യപ്പെടുത്തണം.

ദുരുപയോഗം എന്ന പദത്തെ ഈ പശ്ചാത്തലത്തില്‍ എങ്ങനെ നിര്‍വചിക്കും?

അല്ലാഹു എന്ന പദത്തെ ഖുര്‍ആന്‍ കൃത്യമായ അര്‍ഥത്തില്‍ രേഖപ്പെടുത്തിയതും കഴിഞ്ഞ 14 നൂറ്റാണ്ടായി വ്യക്തമായ ഒരു അര്‍ഥവിവക്ഷ നല്‌കപ്പെട്ടിട്ടുള്ളതുമാണ്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായോ വിരുദ്ധമായോ അല്ലാഹു എന്ന പദത്തെ ഉപയോഗിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നത്‌ എതിര്‍ക്കപ്പെടേണ്ടതും നിയന്ത്രിക്കേണ്ടതുമാണ്‌.

എന്റെ വ്യക്തിപരമായ നിലപാടിലേക്ക്‌ തിരിച്ചുവന്നാല്‍ മലേഷ്യയിലെ വിവിധ സമുദായങ്ങള്‍ക്ക്‌ കീഴില്‍ സൗഹാര്‍ദ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മതസൗഹാര്‍ദത്തിനുള്ള ദേശീയ ഉപദേശക സമിതി രൂപീകരിക്കണം. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതു പോലുള്ള വിവാദങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇത്തരമൊരു സമിതിക്ക്‌ കഴിയും. പൗരസമൂഹത്തില്‍ വിശ്വാസങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. നിലവില്‍ ഗവണ്‍മെന്റ്‌ തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിന്‌ പരിമിതിയുണ്ട്‌.

ന്യൂനപക്ഷം വരുന്ന സ്റ്റേറ്റ്‌ മുഫ്‌തിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു കൗണ്‍സിലിന്റെ രൂപീകരണം നീട്ടിക്കൊണ്ടുപോകുന്നത്‌. മലേഷ്യന്‍ ഭരണഘടനയില്‍ ഔദ്യോഗിക മതമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഇസ്‌ലാമിന്‌ ഈ സ്ഥാനത്ത്‌ തുടരുന്നതില്‍ പുതിയ നീക്കം ഭീഷണിയാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മുഫ്‌തിമാര്‍ ഇതിനെ എതിര്‍ക്കുന്നത്‌. മിഥ്യാധാരണ സൃഷ്‌ടിക്കുന്നതാണ്‌ ഇത്തരം ആരോപണങ്ങള്‍. നിര്‍ദിഷ്‌ട കൗണ്‍സിലിന്‌ മലേഷ്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ ഇസ്‌ലാമിനെ ഔദ്യോഗിക മതമാക്കി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയും.

വിവാദത്തെ മലേഷ്യന്‍ ഗവണ്‍മെന്റ്‌ കൈകാര്യം ചെയ്യുന്ന രീതിയെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?

തീര്‍ത്തും അനുയോജ്യമായ രീതിയിലാണ്‌ പൊലീസ്‌ ഇതിനെ സമീപിക്കുന്നത്‌. ചില അമുസ്‌ലിം കേന്ദ്രങ്ങളും പ്രാര്‍ഥനാലയങ്ങളും ആക്രമിക്കപ്പെട്ടപ്പോള്‍ സംഭവസ്ഥലത്ത്‌ ഇരച്ചെത്തിയ പൊലീസ്‌ അവയ്‌ക്ക്‌ സുരക്ഷ ഉറപ്പാക്കിയിരുന്നു. അക്രമത്തെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്‌തു. മറ്റു പല ബഹുമത, ബഹുവംശീയ രാഷ്‌ട്രങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ വലിയ കലാപങ്ങളിലേക്ക്‌ നയിച്ചിട്ടുണ്ടെന്ന ചരിത്രാനുഭവം വെച്ചുനോക്കുമ്പോള്‍ മലേഷ്യ ചെയ്‌തത്‌ മാതൃകാപരമാണ്‌.

സംഭവത്തില്‍ വിശാലമായ ക്രമസമാധാന സംരക്ഷണ നടപടികളാണ്‌ ഗവണ്‍മെന്റ്‌ കൈക്കൊണ്ടത്‌. എന്നാല്‍ ഗവണ്‍മെന്റിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌ന പരിഹാരത്തിന്‌ പര്യാപ്‌തമാണെന്ന്‌ ഞാന്‍ കരുതുന്നില്ല. മതപരമായ വിഷയങ്ങളില്‍ ഗവണ്‍മെന്റ്‌ ഇടപെടുന്നില്ല. സര്‍ക്കാറിനു കീഴില്‍ നിലനില്‍ക്കുന്ന മുഫ്‌തികളാണ്‌ ഇക്കാര്യത്തില്‍ നിലപാട്‌ നിര്‍ണയിക്കുന്നത്‌. ഖേദകരമെന്ന്‌ പറയട്ടെ, യാഥാസ്ഥിതികവും സങ്കുചിത താല്‍പര്യങ്ങളില്‍ അധിഷ്‌ഠിതവുമായ ഏകപക്ഷീയ തീരുമാനങ്ങളാണ്‌ അവരില്‍ നിന്നുണ്ടാകുന്നത്‌. ഇസ്‌ലാമിക വിഷയങ്ങളില്‍ അവസാന വാക്ക്‌ പറയാനുള്ള അധികാരം ഒരു വിഭാഗത്തിന്‌ സ്ഥാപിച്ചുകൊടുക്കുകയാണ്‌ ഇത്‌. ഭരണകൂടമാകട്ടെ അവരുടെ നിലപാടുകളാണ്‌ നടപ്പാക്കാന്‍ ശ്രമിക്കുന്നതും. ഖുര്‍ആനില്‍ ആഴത്തിലുള്ള അറിവില്ലാത്ത മുഫ്‌തികള്‍ ഉപരിപ്ലവമായ കാഴ്‌ചപ്പാടുകളില്‍ നിന്നുകൊണ്ടാണ്‌ നിലപാടുകള്‍ക്ക്‌ രൂപം നല്‍കുന്നത്‌.

പ്രധാനമന്ത്രി, ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന പൊതുകാഴ്‌ചപ്പാടിനൊപ്പമാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. അതായത്‌ അമുസ്‌ലിംകളെ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്ന്‌ വിലക്കാതിരിക്കുക എന്ന നിലപാട്‌. അതേസമയം തന്നെ ഇത്‌ ദുരുപയോഗം ചെയ്യുന്നത്‌ തടയുകയും വേണം. പക്ഷേ, അദ്ദേഹത്തിന്‌ ഇത്‌ തുറന്നുപറയാന്‍ കഴിയുമെന്ന്‌ ഞാന്‍ കരുതുന്നില്ല. മലേഷ്യയിലെ ഭൂരിപക്ഷം മുസ്‌ലിംകളും ഇതിനെ അംഗീകരിക്കില്ലെന്നതു തന്നെ കാരണം. രാഷ്‌ട്രീയമായി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതു കൊണ്ടുതന്നെ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്‌ വൈകിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.

കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ചില ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്കും സിക്ക്‌ ഗുരുദ്വാരകള്‍ക്കും എതിരെ നടന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ട്‌ നിരവധി മലേഷ്യന്‍ മുസ്‌ലിംകള്‍ രംഗത്തെത്തിയതും ഇതോടൊപ്പം ഞാന്‍ ചേര്‍ത്തുവെക്കുന്നു.

ചില മുസ്‌ലിം സന്നദ്ധ സംഘടനകള്‍ ഇതരമതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന്‌ സ്‌ക്വാഡുകള്‍ രൂപീകരിക്കുക വരെ ചെയ്‌തു. സാധാരണ മുസ്‌ലിംകള്‍ക്കിടയില്‍ ശരിയായ കാഴ്‌ചപ്പാട്‌ ഇക്കാര്യത്തില്‍ ഉണ്ടെന്നു തന്നെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഇത്തരം ശരിയായ കാഴ്‌ചപ്പാടുകള്‍ സാധാരണ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയില്‍ വളര്‍ത്തുകയും സമുദായാന്തര സമാധാനം പുനസ്ഥാപിക്കുകയും വേണം. വംശീയ സംഘര്‍ഷവും സമുദായാന്തര കലാപവും മലേഷ്യയെ എല്ലായ്‌പ്പോഴും ആശങ്കയിലാക്കുന്ന കാര്യമാണ്‌. അത്തരമൊരു സാഹചര്യം അപകടകരമാണെന്ന്‌ മലേഷ്യയിലെ സാധാരണക്കാര്‍, മുസ്‌ലിംകളും അമുസ്‌ലിംകളും മനസ്സിലാക്കണം.

കോടതി വിധിയെത്തുടര്‍ന്നുണ്ടായ അക്രമങ്ങളെ, മലേഷ്യ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന രീതിയിലാണ്‌ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌. പാശ്ചാത്യ മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്‌ത രീതിയെ എങ്ങനെ നോക്കിക്കാണുന്നു?

യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്താണ്‌ അവരുടെ വിശേഷണങ്ങള്‍. മലേഷ്യ നശീകരണ പ്രവര്‍ത്തനങ്ങളുടെ വക്കിലാണെന്നാണ്‌ അവര്‍ ദ്യോതിപ്പിക്കുന്നത്‌. യഥാര്‍ഥത്തില്‍ തങ്ങള്‍ ഇച്ഛിക്കുന്നതു പോലെ സംഭവിക്കണമെന്നാണ്‌ അവര്‍ മനപ്പായസമുണ്ണുന്നത്‌. പാശ്ചാത്യമായ കണ്ണിലൂടെ ഇതിനെ നോക്കിക്കാണുന്ന അവര്‍ പാശ്ചാത്യരല്ലാത്തവര്‍, പ്രത്യേകിച്ച്‌ മുസ്‌ലിംകള്‍ അസഹിഷ്‌ണുക്കളും അക്രമികളും അപരിഷ്‌കൃതരും മതഭ്രാന്തരുമെല്ലാമാണെന്ന്‌ സ്ഥാപിച്ചെടുക്കാനാണ്‌ ശ്രമിക്കുന്നത്‌. പാശ്ചാത്യ മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തീര്‍ത്തും അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമെന്നേ പറയാനാവൂ.