അമാനത്തിന്റെ താല്‌പര്യവും ഇസ്‌ലാമിക ലോകവീക്ഷണവും

Apr 28 2010

ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌

``സര്‍വസ്‌തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന്‌'' എന്നര്‍ഥമുള്ള `ഹംദി'ന്റെ വാക്യം ദിനേന പലതവണ ഉരുവിടുന്നവരാണ്‌ നാം. ലോകത്തെ മഹത്തായ നിയോഗങ്ങള്‍ നിറവേറ്റേണ്ട സ്ഥാനപതി (ഖലീഫ) എന്നതാണ്‌ അല്ലാഹു ഓരോ മനുഷ്യനും നല്‌കിയിട്ടുള്ള പദവി എന്ന കാര്യം ഇസ്‌ലാമിനെക്കുറിച്ച്‌ സാമാന്യജ്ഞാനമുള്ള ആര്‍ക്കും അജ്ഞാതമാകാനിടയില്ല. മനുഷ്യന്റെ ഭാരിച്ച ഉത്തരവാദിത്തത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാകുന്നു: ``തീര്‍ച്ചയായും നാം ആ വിശ്വസ്‌തദൗത്യം (ഉത്തരവാദിത്തം) ആകശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും, അതിനെപ്പറ്റി അവയ്‌ക്ക്‌ പേടി തോന്നുകയും ചെയ്‌തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.'' (33:72)

.


സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു ലോകത്തെയും ലോകരെയും സൃഷ്‌ടിച്ചു പരിപാലിക്കുന്നത്‌ ഏത്‌ വിധമെന്ന്‌ വ്യക്തമായി ഗ്രഹിക്കുമ്പോഴേ മനുഷ്യന്‌ ഭൂമിയിലെ സ്ഥാനപതി എന്ന നിലയില്‍ വിജയം കൈവരിക്കാന്‍ കഴിയൂ. സ്വശരീരവും മനസ്സും ഉള്‍പ്പെടെ സൃഷ്‌ടിപ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളെയും സംബന്ധിച്ച്‌ സാമാന്യമായ ധാരണ ഉണ്ടാകുമ്പോഴാണ്‌ സൃഷ്‌ടികളോടും സ്രഷ്‌ടാവിനോടുമുള്ള ഉത്തരവാദിത്തം യഥോചിതം നിറവേറ്റാന്‍ നമുക്ക്‌ സാധിക്കുന്നത്‌. സര്‍വജ്ഞനായ അല്ലാഹു യാതൊന്നും നിരര്‍ഥകമായി സൃഷ്‌ടിച്ചിട്ടില്ല എന്ന്‌ വ്യക്തമായ ബോധ്യമുള്ള ഒരു ജ്ഞാനിക്ക്‌ സൃഷ്‌ടിപ്രപഞ്ചത്തെ സംബന്ധിച്ച്‌ കൂടുതല്‍ പഠിച്ചു കൊണ്ടിരിക്കാനും, സൃഷ്‌ടിവ്യവസ്ഥയുടെ മൗലികതയ്‌ക്ക്‌ ഊനം തട്ടിക്കാതിരിക്കാനും പ്രചോദനമുണ്ടായിരിക്കും. സൃഷ്‌ടിപ്രപഞ്ചത്തിലെ വിസ്‌മയങ്ങള്‍ ഓരോന്നും അടുത്തറിയുമ്പോള്‍ സ്രഷ്‌ടാവിന്റെ മഹത്വത്തെ വീണ്ടും വീണ്ടും വാഴ്‌ത്താനും പ്രചോദനമുണ്ടാകും.


``തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടിയിലും, രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്‌ടാന്തങ്ങളുണ്ട്‌. നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടിയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്‌ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ നീ കാത്തുരക്ഷിക്കണേ.'' (വി.ഖു 3:190,191)


കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്‌ലിം പണ്ഡിതന്മാരില്‍ പലരും ആകാശഗോളങ്ങളുടെ വലുപ്പം, അകലം, ഭ്രമണം, പരിക്രമണം, ഉദയം, അസ്‌തമയം, സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ എന്നിവയെക്കുറിച്ച്‌ കഴിയുന്നത്ര സൂക്ഷ്‌മമായ പഠനം നടത്തിയിരുന്നു. ഉദയാസ്‌തമയങ്ങളുടെയും നമസ്‌കാര സമയങ്ങളുടെയും പ്രാദേശിക വ്യത്യാസങ്ങളും ദിവസേനയുള്ള മാറ്റങ്ങളും അവര്‍ കണിശമായി ഗണിച്ചിരുന്നു. ഭൂമിയുടെ അക്ഷാംശങ്ങളെയും രേഖാംശങ്ങളെയും ഉത്തര-ദക്ഷിണ അയനങ്ങളെയും സംബന്ധിച്ച പഠനഫലങ്ങളും ഇതിനുവേണ്ടി അവര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഭൂപ്രദേശങ്ങളെയും പ്രകൃതി വിഭവങ്ങളെയും ജനവിഭാഗങ്ങളെയും സംബന്ധിച്ച്‌ കൂടുതല്‍ അറിവ്‌ നേടാന്‍ വേണ്ടി അവര്‍ ഏറേ ദേശസഞ്ചാരം നടത്തുകയും യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുകയും ചെയ്‌തു. ഭൂ വിഭാഗപഠനത്തിന്‌ പുറമെ വിവിധ നാടുകളുടെയും ജനപദങ്ങളുടെയും ചരിത്രം പഠിക്കാനും അവര്‍ ഏറെ താല്‌പര്യം കാണിച്ചു. നാഗരികതകളുടെ വികാസ സങ്കോചങ്ങളും ഉത്ഥാന പതനങ്ങളും ഒരുകാലത്ത്‌ മുസ്‌ലിം പണ്ഡിതന്മാരുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു.


ഒരു കാലഘട്ടത്തില്‍ മുസ്‌ലിം വൈദ്യശാസ്‌ത്രജ്ഞരായിരുന്നു ലോകത്ത്‌ ഏറ്റവും മുന്നിട്ടുനിന്നിരുന്നത്‌. രസതന്ത്രം, ഊര്‍ജതന്ത്രം, ജീവശാസ്‌ത്രം, ഗണിതശാസ്‌ത്രം തുടങ്ങിയ വിജ്ഞാനമേഖലകളിലെല്ലാം ബഗ്‌ദാദും മുസ്‌ലിം സ്‌പെയിനിലെ കോര്‍ദോവാ നഗരവും അതുല്യമായ വികാസം കൈവരിച്ചിരുന്നു. ഇബ്‌നുതൈമിയ്യയും ഇബ്‌നുഖല്‍ദൂനും മറ്റും ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടിയതോടൊപ്പം സാമ്പത്തിക ശാസ്‌ത്രം, വികസന ശാസ്‌ത്രം, രാഷ്‌ട്രതന്ത്രം, സാമൂഹ്യശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. വൈജ്ഞാനിക മുന്നേറ്റത്തിന്റെ സാരഥികളാകുന്നതോടൊപ്പം വിജ്ഞാനശാഖകളുടെ ഇസ്‌ലാമികവത്‌കരണത്തിലും അവര്‍ ദത്തശ്രദ്ധരായിരുന്നു.


അല്ലാഹു നിശ്ചയിച്ച പ്രകൃതിവ്യവസ്ഥയെ അട്ടിമറിക്കുന്ന യാതൊരു പ്രവര്‍ത്തനവും ശാസ്‌ത്രത്തിന്റെ പേരില്‍ സാധൂകരിക്കപ്പെടാവുന്നതല്ല എന്നായിരുന്നു എക്കാലത്തും മുസ്‌ലിം ശാസ്‌ത്രജ്ഞരുടെയും സാമൂഹ്യശാസ്‌ത്രജ്ഞരുടെയും നിലപാട്‌. വാണിജ്യവും വ്യവസായവും ഇസ്‌ലാമിന്റെ ധാര്‍മിക നിയമങ്ങള്‍ക്ക്‌ വിധേയമായിരിക്കണമെന്നും വ്യക്തികള്‍ക്കോ സമൂഹത്തിനോ ദോഷം വരുത്തുന്ന വസ്‌തുക്കള്‍ നിര്‍മിക്കാനോ വില്‌ക്കാനോ പാടില്ലെന്നും, വ്യവസായ ശാലകള്‍ പരിസര മലിനീകരണത്തിന്‌ നിമിത്തമാകരുതെന്നും മുസ്‌ലിം സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഒരു `മുഹാസിബി'ന്റെ (സൂപ്രവൈസറുടെ) കര്‍ശനമായ നിയന്ത്രണത്തിന്‌ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വിധേയമായിരിക്കണമെന്ന്‌ പല മുസ്‌ലിം സാമ്പത്തിക വിദഗ്‌ധരും നിഷ്‌കര്‍ഷിച്ചിരുന്നു. മുഹാസിബിന്റെ ചുമതലകള്‍ വിവരിക്കുന്ന കൂട്ടത്തില്‍, പുകയോ മാലിന്യമോ സൃഷ്‌ടിക്കുന്ന വ്യവസായശാല, വൈദ്യശാലക്കോ തുണിക്കടക്കോ അടുത്ത്‌ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന്‌ ഇബ്‌നുതൈമിയ്യ എഴുതിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.


എല്ലാ മൂല്യങ്ങള്‍ക്കും ഉപരിയായി ലാഭത്തെ പ്രതിഷ്‌ഠിക്കുകയും, ലാഭകരമാകുന്ന എന്തിന്റെയും നിര്‍മാണവും വിതരണവും യഥേഷ്‌ടം അനുവദിക്കുകയും ചെയ്യുന്ന ഉദാര മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കള്‍ക്ക്‌ ശാസ്‌ത്രത്തെയും സാമൂഹ്യവിജ്ഞാനീയങ്ങളെയും ഇസ്‌ലാമിക മൂല്യവ്യവസ്ഥയ്‌ക്ക്‌ വിധേയമാക്കണമെന്ന നിര്‍ദേശം അറു പിന്തിരിപ്പനായി തോന്നിയേക്കാം. എന്നാല്‍ ശാസ്‌ത്രവും സാങ്കേതിക വിദ്യയും സാമ്പത്തിക വ്യവഹാരങ്ങളും മനുഷ്യപ്രകൃതിക്കും പരിസ്ഥിതിക്കും ഗുരുതരമായ ദോഷങ്ങള്‍ വരുത്തിവെക്കുന്ന വിധത്തില്‍ മുന്നേറരുതെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന യാതൊരു മൂല്യവ്യവസ്ഥയും മുതലാളിത്ത ലോകത്ത്‌ നിലനില്‌ക്കുന്നില്ല എന്ന അനിഷേധ്യ സത്യത്തെ എത്രകാലം അവഗണിച്ചു തള്ളാന്‍ കഴിയും? മണ്ണിലും വെള്ളത്തിലും മാരകമായ രാസവസ്‌തുക്കള്‍ കുമിഞ്ഞുകൂടുകയും അന്തരീക്ഷത്തെ കാര്‍ബണ്‍ വാതകങ്ങള്‍ വിഷമയമാക്കുകയും സസ്യജീവജാതികള്‍ `ജനിതക പരിഷ്‌കരണം' കൊണ്ട്‌ അപചയപ്പെടുകയും സ്വതന്ത്രരതിക്കും സെക്‌സ്‌ ടൂറിസത്തിനും വേണ്ടിയുള്ള പ്രചാരണങ്ങള്‍ സമൂഹങ്ങളെ ഫാദര്‍ലെസ്‌ (പിതൃശൂന്യം) ആക്കിത്തീര്‍ക്കുകയും ചെയ്‌താല്‍ ലോകത്തെയും ലോകരെയും വീണ്ടെടുക്കാന്‍ ഇസ്‌ലാമിക മൂല്യവ്യവസ്ഥയല്ലാതെ വിശ്വസനീയവും ആധികാരികവുമായ യാതൊരു രക്ഷോപായവും എവിടെയും ലഭ്യമല്ല.


ഈ യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുന്നവരെ മതമൗലികവാദികളെന്നോ തീവ്രവാദികളെന്നോ വിളിച്ച്‌ ഇകഴ്‌ത്താന്‍ എളുപ്പമാണ്‌. എന്നാല്‍ പരിസ്ഥിതിയുടെ സന്തുലിതത്വവും മാനവതയുടെ മഹിതഭാവങ്ങളും കടുത്ത അപചയത്തിന്‌ വിധേയമാകുന്നത്‌ തടയാന്‍ ഭൂമുഖത്ത്‌ വേറെ ഏത്‌ ദര്‍ശനമോ പ്രത്യയശാസ്‌ത്രമോ ആണുള്ളതെന്ന്‌ ചോദിച്ചാല്‍ മുതലാളിത്തപക്ഷത്ത്‌ നിന്നോ സോഷ്യലിസ്റ്റ്‌ പക്ഷത്തുനിന്നോ തൃപ്‌തികരമായ യാതൊരു ഉത്തരവും ലഭിക്കുകയില്ല.


ലോകത്തിന്റെയും ലോകരുടെയും രക്ഷിതാവ്‌ അവതരിപ്പിച്ച ജീവിതദര്‍ശനം മാനവരാശിയെ ലക്ഷണയുക്തമായ ഒരു നാഗരികതയിലേക്ക്‌ എങ്ങനെ നയിക്കുന്നുവെന്നും, രക്ഷിതാവ്‌ തികച്ചും അന്യൂനമായി സംവിധാനിച്ച പ്രകൃതിവ്യവസ്ഥയെ താളപ്പിഴ കൂടാതെ നിലനിര്‍ത്താന്‍ എങ്ങനെ വഴികാണിക്കുന്നുവെന്നും സൂക്ഷ്‌മമായി പഠിക്കാനും പഠിപ്പിക്കാനും ഇസ്‌ലാമിക ചിന്തകന്മാര്‍ക്ക്‌ ബാധ്യതയുണ്ട്‌. വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ച ഖിലാഫത്തിന്റെയും അമാനത്തിന്റെയും താല്‌പര്യമാണത്‌. പോയ നൂറ്റാണ്ടുകളില്‍ യുഗപ്രഭാവരായ മുസ്‌ലിം ചിന്തകന്മാര്‍ അവരുടെ കാലത്തിനൊപ്പവും, സമകാലീന സമൂഹങ്ങളെ കവച്ചുവെച്ചും ഇസ്‌ലാമിക ലോകവീക്ഷണത്തിന്റെ പ്രസാരണം നടത്തിയിട്ടുണ്ട്‌.


എന്നാല്‍ ഇന്നത്തെ മുസ്‌ലിം ശാസ്‌ത്രജ്ഞര്‍ക്കും ചിന്തകന്മാര്‍ക്കും പാശ്ചാത്യരുടെ ആത്മനാശകരമായ ലിബറലിസത്തെയും, സസ്യ-ജീവജാതികളെ വീണ്ടെടുക്കാനൊക്കാത്ത അപചയത്തിലേക്ക്‌ നയിക്കുന്ന അന്തക ശാസ്‌ത്രത്തെയും കണ്ണടച്ച്‌ പിന്തുടരാന്‍ മാത്രമേ കഴിയുന്നുള്ളൂവെങ്കില്‍ ഖിലാഫത്തും അമാനത്തുമൊക്കെ കളഞ്ഞുകുളിക്കുകയായിരിക്കും അവര്‍ ചെയ്യുന്നത്‌. ഇസ്‌ലാമിക ലോകവീക്ഷണത്തിന്റെ സര്‍വകാല പ്രസക്തി തെളിയിക്കാന്‍ ശ്രമിക്കുന്നവരെ പാശ്ചാത്യരും അവരുടെ പിണിയാളുകളും തേജോവധം ചെയ്യുമെന്നുറപ്പാണെങ്കിലും കിഴക്കും പടിഞ്ഞാറുമുള്ള പക്വമതികളില്‍ കുറേപ്പേര്‍ ദൈവിക ജീവിതദര്‍ശനത്തിന്റെ ശോഭനമാനങ്ങള്‍ തെളിയിച്ചുകാണിച്ചു കൊണ്ടിരിക്കുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിക്കാവുന്നത്‌.