ഐ പി എല്‍ കളിയുടെ അധോലോകം

Apr 28 2010

കെ പി ഖാലിദ്‌

വിദേശാധിപത്യ കാലത്ത്‌ ക്രിക്കറ്റ്‌ ഇന്ത്യയില്‍ അറിയപ്പെട്ടിരുന്നത്‌ മാന്യന്മാരുടെ കളി എന്നായിരുന്നു. അക്കാലത്ത്‌ ഏറ്റവും മാന്യന്മാരായി കാണക്കാക്കപ്പെട്ടിരുന്നത്‌ തൊലിവെളുത്ത സായിപ്പന്മാരെയായിരുന്നു. ഒരു പണിയുമില്ലാത്തവന്‌ ദിവസം തള്ളിനീക്കാന്‍ ഇംഗ്ലീഷുകാരന്‍ കണ്ടെത്തിയ വിരസമായ ഈ പാസഞ്ചര്‍ വണ്ടിയെങ്ങനെ രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ തീരുന്ന `തുരന്തോ' എക്‌സ്‌പ്രസായ ട്വന്റി-20യായി മാറി എന്നത്‌ വിപണത്തിന്റെ മിടുക്കുമായി ബന്ധപ്പെട്ട കാര്യമാണ്‌. ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത്‌ ആള്‍ക്കൂട്ടം ആരവങ്ങളോടെ ഗാലറികള്‍ നിറക്കുന്ന ത്രില്ലായി മാറിയിരിക്കുന്ന ട്വന്റി-20 ക്രിക്കറ്റിന്‌ മാധ്യമങ്ങള്‍ ഇപ്പോഴിട്ടിരിക്കുന്ന പേര്‍ `ആള്‍ക്കൂട്ടത്തിന്റെ പ്രണയിനി' എന്നാണത്രേ!

.

നേരമ്പോക്കുകള്‍ക്കും പൊട്ടവിനേദങ്ങള്‍ക്കുമൊക്കെ ആധുനിക ലോകത്ത്‌ ഭരണകൂടങ്ങളെപ്പോലും തകിടം മറിക്കാനുള്ള ശേഷി കൈവന്നിരിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ പി എല്‍) ക്രിക്കറ്റ്‌ മത്സരങ്ങളുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ആരോപണയുദ്ധങ്ങള്‍ ഇത്‌ ഒന്നുകൂടി ഉറപ്പിക്കുന്നു. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയ ഫ്രീലാന്റ്‌ ക്രിക്കറ്റ്‌ മത്സരമാണ്‌ ഐ പി എല്‍ ട്വന്റി-20. 2008ല്‍ ഇന്ത്യയുടെ പ്രധാനനഗരങ്ങളുടെ പേരില്‍ സംഘടിപ്പിക്കുന്ന ടീമുകളെ ലേലംചെയ്‌തുകൊണ്ട്‌ കോര്‍പറേറ്റ്‌ രംഗത്തെ കോടികളെ ഐ പി എല്‍ ക്രിക്കറ്റിലേക്കാനയിച്ച ടീമുകള്‍ വിലക്കു വാങ്ങിയ ഭീമന്മാര്‍ കളിക്കാരെ ദേശവ്യത്യാസമില്ലാതെ ലേലത്തില്‍ പിടിക്കാന്‍ അനുവാദവും വാങ്ങി.

തേനുള്ളിടത്ത്‌ ഈച്ചകള്‍ക്ക്‌ `കാര്യങ്ങളു'ണ്ടായാല്‍ പിന്നെ കഥയെന്താവുമെന്ന്‌ ആരും പറയേണ്ടതില്ലല്ലോ. 441 കോടി മുടക്കി മുംബൈ ഇന്ത്യന്‍സ്‌ എന്ന ടീം അംബാനിയുടെ റിലയന്‍സ്‌ തന്നെ സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി പിന്നാലെ മദ്യചക്രവര്‍ത്തി വിജയ്‌ മല്യയുമെത്തി. അമ്പയര്‍മാരുടെ കുപ്പായങ്ങളില്‍ ലഹരി നുരയുന്ന മദ്യബ്രാന്‍ഡുകളുടെ പേരു കൊത്തിവയ്‌ക്കാന്‍ മല്യ വേറെയും നല്‍കി 106 കോടി രൂപ. മദ്യത്തിന്റെ പരസ്യം നിരോധിക്കപ്പെട്ട ഒരു രാജ്യത്ത്‌ എയര്‍പോര്‍ട്ടുകളിലും വിമാനങ്ങളിലും ഏറ്റവും ചിലവുള്ള ബിയറിന്റെ പരസ്യം നല്‍കുക വഴി ലോകത്തിലെ ഏറ്റവും സൂത്രശാലിയായ മദ്യവില്‌പനക്കാരനായി മാറിയ വിജയ്‌ മല്യക്ക്‌ മൂന്നാം അമ്പയറിന്റെ വലിയ സ്‌ക്രീന്‍ സ്വന്തമായത്‌ ഇതേ സ്‌പോണ്‍സറിംഗിലൂടെ. കിംഗ്‌ഫിഷര്‍ എന്ന ബിയര്‍ ബ്രാന്റ്‌ വിമാനത്താവളങ്ങളിലെ ഗാന്ധിയുടെ ഫോട്ടോയെ നോക്കി കൊഞ്ഞനം കുത്തുന്നത്‌ സഹിച്ച ഇന്ത്യക്കാരന്‌ അമ്പയറിന്റെ നെഞ്ഞിലെ ബിയര്‍ പരസ്യത്തിനോടെന്തുചേതം? ടീമുകളും കളിക്കാരും വിറ്റഴിഞ്ഞു; കോടികള്‍ക്ക്‌! സാധാരണക്കാരന്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണം കുടിച്ചും ഭോഗിച്ചും സിനിമ കണ്ടും തീര്‍ത്തുകൊണ്ടിരിക്കുന്നതിന്റെ വിഹിതം ക്രിക്കറ്റിലൂടെ കളിക്കാര്‍ക്ക്‌, ക്രിക്കറ്റ്‌ ബോര്‍ഡിന്‌, പിന്നെ ചക്കരക്കുടത്തില്‍ കൈയിടുന്ന ഏവര്‍ക്കും!


ഗ്ലോബല്‍ സ്‌പോര്‍ട്‌സ്‌ സാലറീസ്‌ പുറത്തുവിട്ട കണക്കുപ്രകാരം 2010ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ്‌ മൂല്യം മൊത്തം 18,000 കോടി രൂപ വരുമത്രേ! 4 കോടി 80 ലക്ഷം പേര്‍ കണ്ട 2008ലെ ഫൈനല്‍ മത്സരങ്ങളുടെ സംപ്രേക്ഷണമൂല്യത്തില്‍ നിന്നാണ്‌ ഐ പി എല്‍ കോടികളിട്ട്‌ അമ്മാനമാടിയത്‌. 2008 മുതല്‍ പത്തുവര്‍ഷത്തിനിടെ ഏകദേശം എഴുപത്തിരണ്ടായിരം കോടി രൂപയാണ്‌ ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രതീക്ഷിക്കുന്ന ലാഭം. ഇതില്‍ 40 ശതമാനം ഐ പി എല്ലിനു തന്നെ. അമ്പത്തിനാല്‌ ശതമാനം ടീം ഫ്രാഞ്ചൈസികള്‍ക്ക്‌. ആറ്‌ ശതമാനം പ്രൈസ്‌ മണിയുമായി വിതരണം ചെയ്യാനാണ്‌ തീരുമാനം.


സിനിമാ സെലിബ്രിറ്റികളായ ഷാരൂഖ്‌ഖാനും ശില്‍പ ഷെട്ടിയും പ്രീതി സിന്റയുമൊക്കെ ടീമിന്‌ കാശിറക്കുന്നത്‌ വെറുതെയല്ല. വിപണന മൂല്യം മടക്കി നല്‍കുന്ന ആയിരം മടങ്ങുകള്‍ മനസ്സില്‍ കണ്ടുതന്നെ. ആന്ധ്രയുടെ ഡെക്കാന്‍ ടീം വിലക്കു വാങ്ങിയ വെങ്കിട്ടരാമ റെഡ്ഡിയും ഭാര്യയും ചെന്നൈ വാങ്ങിയ ഇന്ത്യാസിമന്റ്‌സിന്റെ രാമനും എല്ലാവര്‍ക്കും അമ്മാനമാടാന്‍ കോടികള്‍ കൈകളിലെത്തുന്നു. ആരെയും പേടിക്കാതെ കറുത്തപണം വലിയ പരുന്തായി ചിറകുവിരിച്ചിരിക്കുന്നു. ഗള്‍ഫുകാരന്റെ വീട്ടില്‍ ഹുണ്ടിപ്പണമെത്തിക്കുന്ന ഹവാലക്കാരന്റെ മടിക്കുത്തിലെ `ചില്ലറ' ലക്ഷങ്ങള്‍ പറിച്ചെടുത്ത്‌ കരള്‍ കലക്കുന്ന ഇടി അടിവയറ്റില്‍ പാസാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഒരു പൂച്ചക്കുഞ്ഞുപോലെ കളികണ്ടാല്‍ മതി; ഐ പി എല്‍ ഉത്സവകാലത്ത്‌! കോര്‍പറേറ്റ്‌ തമ്പുരാക്കന്മാര്‍ കളിക്കളത്തിലുരുട്ടുന്ന കോടികള്‍ വേണ്ടത്ര പാഡുകളും ഹൈല്‍മറ്റുമണിഞ്ഞാണ്‌ ക്രീസിലെത്തുന്നതെന്ന്‌ മനസ്സിലാക്കുന്നത്‌ അവര്‍ക്ക്‌ നന്ന്‌. സോണി എന്റര്‍ടൈന്‍മെന്റ്‌ ടി വി പത്തുവര്‍ഷത്തേക്ക്‌ നാല്‌പത്തി ഏഴായിരത്തി എഴുന്നൂറ്‌ കോടി നല്‍കി വിലക്കു വാങ്ങിയ സംപ്രേക്ഷണത്തിലെ `സൂസു'വിന്റെ പരസ്യക്കുസൃതികള്‍ കണ്ട്‌ എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും മിണ്ടാതിരിക്കുക.


കോര്‍പറേറ്റ്‌ ഭീമന്മാരും അധോലോക സാമ്പത്തിക ശക്തികളും രാഷ്‌ട്രീയത്തിലും ഭരണത്തിലും പിടിമുറുക്കുകയും ജനപങ്കാളിത്തമുള്ള വിനോദങ്ങളിലൂടെ സമ്പാദ്യങ്ങള്‍ കൊയ്യുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ രാജ്യത്തുണ്ടായിട്ട്‌ കുറേക്കാലമായി. കളിക്കളത്തിലും വെള്ളിത്തിരയിലുമുള്ള താരങ്ങള്‍ ആരാധ്യന്മാരായി മാറുകയും അമാനുഷ പദവിയിലവര്‍ അവരോധിക്കപ്പെടുകയും ചെയ്‌തപ്പോള്‍ പണം കൊയ്യാവുന്ന ഏറ്റവും നല്ല യന്ത്രങ്ങളാണ്‌ ഈ സിലിബ്രിറ്റികള്‍ എന്ന്‌ തിരിച്ചറിഞ്ഞു; കോര്‍പറേറ്റുകള്‍. ലാഭക്കൊതി പൂണ്ട കോര്‍പറേറ്റുകളും ജനസേവനം മറന്ന്‌ ധനാര്‍ത്തി ബാധിച്ച ഭരണകര്‍ത്താക്കളും ധൂര്‍ത്തും ദുരയും മൂത്ത സെലിബ്രിറ്റി താരങ്ങളും ചേര്‍ന്ന്‌ ഐ പി എല്‍ പോലുള്ള കായികമത്സരങ്ങളെ ചൂതാട്ട കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്‌ ഇപ്പോള്‍. സിക്‌സറുകളുടെ പിന്നാലെ ആര്‍ത്തലച്ചു പായുന്ന ജനങ്ങളാകട്ടെ ഭോഗാസക്തിയുടെ മദപ്പാടിലുമായിത്തീര്‍ന്നിരിക്കുന്നു.


കഴിഞ്ഞ കുറെക്കാലമായി നമ്മുടെ രാജ്യത്ത്‌ ഭരണകൂടങ്ങള്‍ കോര്‍പറേറ്റുകളെ നിയന്ത്രിക്കുന്നതിനു പകരം കോര്‍പറേറ്റുകള്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. രാഷ്‌ട്രീയവും സമ്പത്തും തമ്മില്‍ നടന്ന ഇത്തരം അവിഹിത ബന്ധം തന്നെയാണ്‌ അമേരിക്കന്‍ ഐക്യനാടുകളില്‍ തുടങ്ങിയ സാമ്പത്തികത്തകര്‍ച്ചക്ക്‌ വഴിമരുന്നിട്ടത്‌. അങ്കിള്‍ സാമിന്റെ കുപ്പായത്തിന്റെ ബട്ടണ്‍ ഒന്നൂരി വീണാല്‍ ഡോളര്‍ കൊണ്ട്‌ `നാണം മറക്കുന്ന' മൂന്നാം ലോക രാജ്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. സാമ്പത്തിക പ്രതിസന്ധി മൂത്ത മധ്യേഷ്യന്‍ രാജ്യങ്ങളൊക്കെയും അവതാളത്തിലായത്‌ ലേ മാന്‍സ്‌ പോലുള്ള കോര്‍പറേറ്റ്‌ ബാങ്കുകള്‍ സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ കാട്ടിക്കൂട്ടിയ താന്തോന്നിത്തങ്ങള്‍ മൂലമാണ്‌.

ഭരണകൂടങ്ങളില്‍ കോര്‍പറേറ്റുകള്‍ ചെലുത്തുന്ന സ്വാധീനം ഇന്ത്യയിലിന്ന്‌ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്‌. അതുകൊണ്ടുതന്നെ കളികളോടൊപ്പം അധോലോക കളികളും ക്രീസിനു പുറത്ത്‌ അരങ്ങേറുമെന്നുറപ്പാണല്ലോ.

അധോലോക ക്രിക്കറ്റില്‍ എറിയുന്ന `നോബോളു'കള്‍ക്കും `വൈഡു'കള്‍ക്കും പിഴയൊടുക്കേണ്ടതില്ലല്ലോ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടി 2010 മാര്‍ച്ച്‌ 7ന്‌ നടന്ന ടീം ലേലത്തിനിടെ അതിന്റെ ചെയര്‍മാന്‍ എറിഞ്ഞ ഒരു നോബോള്‍, പക്ഷേ, കാര്യങ്ങള്‍ കുഴച്ചുമറിച്ചിരിക്കുന്നു. ടീം ലേലത്തിനെടുത്ത കേരള ഐ പി എല്‍ സ്വപ്‌നത്തിനു നേരെയാണ്‌ ആരോപണം പാഞ്ഞുവന്നത്‌ എന്നതിനാല്‍ മലയാളം മാധ്യമങ്ങളും ചാനലുകളും സടകുടഞ്ഞെണീറ്റു. കേരളം ഉണ്ടായതു തന്നെ ഐ പി എല്‍ ടീമുണ്ടാക്കാനാണെന്നും ഈ സ്വപ്‌നം തകര്‍ക്കുന്ന വില്ലന്മാരെ വച്ചേക്കാന്‍ പാടില്ലെന്നുവരെ ചാനല്‍ചര്‍ച്ച നീണ്ടു. ഐ പി എല്‍ കൊച്ചിയെ സ്വര്‍ഗഭൂമിയാക്കുമെന്നും ചെങ്ങറ സമരക്കാര്‍ക്കു വരെ സൗജന്യഫ്‌ളാറ്റുകള്‍ ലഭിച്ചേക്കുമെന്നുവരെ തോന്നിപ്പോകും വിധമായിരുന്നു ചര്‍ച്ചകള്‍.


കേരള ഐ പി എല്‍ ടീം ലേലം പിടിച്ചെടുത്ത റോണ്‍ഡിവു കണ്‍സോര്‍ഷ്യം മലയാളിയുടെ ഐ പി എല്‍ സ്വപ്‌നത്തിലേക്ക്‌ കടന്നുവന്നത്‌ സ്വപ്‌നത്തേക്കാള്‍ വേഗത്തിലായിരുന്നു. ഒന്നുരണ്ട്‌ വ്യവസായ പ്രമുഖരൊഴിച്ചാല്‍ കണ്‍സോര്‍ഷ്യത്തിലെ പുതുമുഖങ്ങള്‍ ആരെന്നു പോലും പലര്‍ക്കുമറിയില്ല. മൂന്നൂറ്റി മുപ്പത്തിമൂന്ന്‌ കോടിക്കാണ്‌ കേരള ഐ പി എല്‍ ടീം റോണ്‍ഡിവു കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത്‌. രണ്ടാഴ്‌ച കഴിഞ്ഞില്ല റോണ്‍ഡിവു കണ്‍സോര്‍ഷ്യത്തിന്റെ 69 കോടിയുടെ ഓഹരി സുനന്ദ പുഷ്‌കര്‍ എന്ന വനിതക്ക്‌ സൗജന്യമായി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആ രോപണവുമായി ഐ പി എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി രംഗ ത്തെത്തി. ഈ വനിതക്കാവട്ടെ കേരള ടീം സംഘടിപ്പിച്ച കേന്ദ്രമന്ത്രി ശശിതരൂരുമായി അടുത്ത ബന്ധവുമുണ്ടത്രേ. ഒരു സിക്‌സര്‍ പോലെ കുതിച്ചുയര്‍ന്ന ഈ ആ രോപണം ഇന്ത്യന്‍ മാധ്യമങ്ങളില്‍ മാത്രമല്ല പാര്‍ലമെന്റില്‍ വരെ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുന്നു. ഒടുവില്‍ ശശിതരൂരിന്റെ മന്ത്രിപദം എന്ന അവതാളത്തിലുമായി.


ജനസംഖ്യയുടെ കാല്‍ഭാഗത്തിന്‌ മൂന്നുനേരം തികച്ചും കഞ്ഞിവെള്ളം പോലും കിട്ടാത്ത രാജ്യത്താണ്‌ കാല്‍ക്കാശിനു പ്രയോജനമില്ലാത്ത ഒരു നേരംപോക്കു കായിക വിനോദത്തിനു വേണ്ടി ജനം ഉറക്കം മറന്ന്‌ മനസ്സ്‌ തുറന്നുവെച്ച്‌ ഭോഷന്മാരായി മാറിക്കൊണ്ടിരിക്കുന്നത്‌ എന്നോര്‍ക്കുക. മീശ മുളക്കുന്നതിനു മുമ്പ്‌ കോടീശ്വരന്മാരാവുന്ന ക്രിക്കറ്റ്‌ താരങ്ങള്‍ തങ്ങളുടെ അഹങ്കാരത്തെ ക്രീസില്‍ കുടഞ്ഞുതെറിപ്പിക്കുന്നതും പിഴശിക്ഷ വാങ്ങുന്നതും നാം കാണുന്നു. ഈ ജാഡകള്‍ക്കു പിന്നാലെ പായുന്ന സിനിമാക്കാരുള്‍പ്പെടെയുള്ള വനിതകളുടെ ആഭാസവും `ഇന്ത്യക്കാര'നായ ദരിദ്രന്‍ സഹിക്കുന്നു! പുതിയ ലോകത്ത്‌ മനുഷ്യര്‍ ജീവിക്കുകയല്ലെന്നും മദ്യം മുതല്‍ ലൈംഗികോത്തേജന ഗുളികകള്‍ വരെ വാങ്ങി ജീവിതത്തിന്‌ കോമാളിവേഷം കെട്ടിക്കുകയാണെന്നും തിരിച്ചറിയുന്ന ന്യൂനപക്ഷമാണിന്ന്‌ കമ്പോളത്തിലെ പോയത്തക്കാര്‍!


വിപണനസാധ്യതകളുടെ ഏത്‌ ആഭാസത്തിനും കൂട്ടുനില്‍ക്കുന്ന കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ മദ്യവും പെര്‍ഫ്യൂമും സിംകാര്‍ഡും വിറ്റ്‌ കീശ നിറക്കണെന്ന്‌ മാത്രമേ ഉദ്ദേശ്യമുള്ളൂ എന്ന്‌ സാധാരണക്കാരന്‍ തിരിച്ചറിയുന്നില്ല എന്നതാണ്‌ നാടിന്റെ ദുരന്തം. ഏത്‌ സായിപ്പ്‌ പന്തെറിഞ്ഞാലും അത്‌ `ടീം കേരള'യാവും എന്ന്‌ കരുതുന്ന തലമുറ ഏത്‌ കിക്‌ബാക്കുകളോടും സമരസപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടിവിടെ. സമരങ്ങളുടെ ലോകത്തു നിന്നും കേരളം നേരെ നടന്നുചെന്നു കയറിയിരിക്കുന്നത്‌ സമരസപ്പെടലുകളുടെ ലോകത്തേക്കാണ്‌. അന്യര്‍ക്കു മുന്നില്‍ മുഖം മറച്ചുനില്‍ക്കുന്ന രാജസ്ഥാനി രജപുത്ര വനിതകളുടെ `സാംസ്‌കാരിക' പാരമ്പര്യത്തില്‍ നിന്നും ചിയര്‍ ഗേള്‍സിന്റെ നഗ്‌ന പ്രകടനങ്ങളിലേക്ക്‌ ഭാരതം നടന്നുകയറിയതു പോലെ തന്നെ! സിക്‌സറുകള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ട്വന്റി-20 ആരാധകരുടെ ഇക്കിളികള്‍ക്ക്‌ ലാസ്യം പകരാന്‍ വിദേശത്തു നിന്ന്‌ ഇറക്കുമതി ചെയ്‌തിരിക്കുന്ന ഡാന്‍സര്‍മാരായ അര്‍ധ നഗ്‌ന മോഡലുകള്‍ക്ക്‌ ഐ പി എല്‍ ഇട്ടിരിക്കുന്ന പേരാണ്‌ ചിയര്‍ ഗേള്‍സ്‌.


ഒരു നാടിന്റെ ധാര്‍മികത ഇത്രയധികം ആതുരാവസ്ഥയിലാവുമ്പോഴും കലമ്പാന്‍ കൂട്ടാക്കാത്ത മനസ്സുമായി നടക്കുന്ന യുവതുര്‍ക്കികളും സാംസ്‌കാരിക വാര്‍ധക്യങ്ങളുമാണ്‌ നമ്മുടെ നാടിനെ ഇത്രമാത്രം ദുര്‍ബലമാക്കുന്നതെന്നറിയേണ്ടതുണ്ട്‌. ജീവിതവിശുദ്ധി സമൂഹത്തിന്റെ പ്രതിരോധശേഷിയെ വീറുറ്റതാക്കുമെ ന്ന്‌ പഠിപ്പിക്കുന്ന മതദര്‍ശനങ്ങളോട്‌ മാധ്യമങ്ങള്‍ക്കടക്കം പുച്ഛം തോന്നിയതാണ്‌ കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്പ്‌ കണ്ട ധാര്‍മികത്തകര്‍ച്ചയുടെ തനിപ്പകര്‍പ്പ്‌ നമ്മുടെ നാട്ടിലും കാണാന്‍ തുടങ്ങിയതിനു കാരണം. മതദര്‍ശനങ്ങളാവട്ടെ, കഴമ്പുള്ളവ സത്യസന്ധമായി വിശകലനം ചെയ്യാന്‍ കൂട്ടാക്കാതെ ശാഠ്യങ്ങളില്‍ അഭിരമിച്ചാല്‍ മനുഷ്യന്റെ അധപ്പതനം ശീഘ്രമാവുമെന്നുറപ്പാണ്‌. ഈ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും ജീവിതം ട്വന്റി-20യുടെ വേഗത്തിലായിരിക്കുന്നു. റണ്ണൊന്നുമെടുക്കാതെ ജീവിതത്തിന്റെ ക്രീസില്‍നിന്ന്‌ ഔട്ടാവാന്‍ മനുഷ്യന്‍ കാട്ടുന്ന വെമ്പല്‍ അതിശയകരംതന്നെ.