ഉമ്മയുടെ നിറസാന്നിധ്യത്തിന്റെ ഓര്‍മത്തുടിപ്പുകള്‍

Apr 10 2010

ഓര്‍മയുടെ ഓളങ്ങളില്‍-3 -പി മുഹമ്മദ്‌ കുട്ടശ്ശേരി

ഉമ്മയെപ്പറ്റി ഓര്‍ക്കുമ്പോഴേക്കും വികാരങ്ങള്‍ തള്ളിക്കയറുന്നു. അവര്‍ കണ്‍മുമ്പില്‍ നിന്ന്‌ അപ്രത്യക്ഷമായിട്ട്‌ ഇരുപത്തി ആറ്‌ വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും അവരുടെ സ്‌നേഹവാത്സല്യത്തിന്റെ കുളിര്‍മ അനുഭവപ്പെടും പോലെ തോന്നുന്നു. ഉമ്മയെപ്പറ്റി എത്ര പറഞ്ഞാലും എഴുതിയാലും തീരുകയില്ല. യുവത പ്രസിദ്ധീകരിച്ച സ്‌ത്രീ: മധുരവും കയ്‌പും എന്ന പുസ്‌തകത്തില്‍ ഞാന്‍ എഴുതിയ ഒന്നാമത്തെ അധ്യായം `ഉമ്മാ...' എന്നാണ്‌. ഇതില്‍ പ്രസിദ്ധ അറബി എഴുത്തുകാരനായ മിഖാഈല്‍ നുഐമ ഉമ്മയെപ്പറ്റി എഴുതിയ വരികള്‍ ചേര്‍ത്തിട്ടുണ്ട്‌. ഇവയില്‍ ഞാന്‍ എന്റെ ഉമ്മയെ കാണുന്നതുകൊണ്ട്‌ അവ ഇവിടെ പകര്‍ത്തട്ടെ.

.

``എല്ലാ ഹൃദയങ്ങളുടെ കാര്യവും അത്ഭുതകരം തന്നെയാണ്‌. പക്ഷേ, ഉമ്മയുടെ ഹൃദയമാണ്‌ അത്യത്ഭുതകരം. കുട്ടി അവരുടെ സമീപത്ത്‌ നിന്ന്‌ മാറിനില്‌ക്കാന്‍ ഇടവന്നാല്‍ അവര്‍ക്ക്‌ രണ്ടു ഹൃദയവും രണ്ട്‌ ശരീരവുമായി. ഉമ്മമാര്‍ കുട്ടികളെ എന്റെ കരളേ, കണ്ണേ എന്നൊക്കെ വിളിക്കാറില്ലേ. ഇതൊന്നും ഉമ്മമാരെ സംബന്ധിച്ചേടത്തോളം ഭംഗിവാക്കുകളല്ല. ഉള്ള വാസ്‌തവം തന്നെയാണ്‌. കുട്ടിക്ക്‌ വിഷമമുണ്ടാകുമ്പോഴേക്കും ഉമ്മക്ക്‌ അതിന്റെ ഇരട്ടി വിഷമമായി. അവന്റെ ഞരമ്പില്‍ നിന്ന്‌ ഒരു തുള്ളി ചോരയൊലിക്കുമ്പോഴേക്കും അവരുടെ ഹൃദയം പൊട്ടി ധാരധാരയായി ഒഴുകുകയായി. അവന്റെ കണ്ണില്‍ ഒരു പകല്‍ മങ്ങുമ്പോഴേക്കും അവരുടെ കണ്ണിലെ സൂര്യന്മാര്‍ മുഴുവനും ഇരുട്ടിലാവുകയായി. അവരുടെ കണ്ണില്‍ നിന്ന്‌ അവന്‍ അപ്രത്യക്ഷമാകുമ്പോഴേക്കും അവരുടെ കണ്ണില്‍ ഉറക്കം കെടുകയായി. തന്റെ കുട്ടി സുരക്ഷിതനായി വേഗം തിരിച്ചെത്തട്ടെ എന്ന പ്രാര്‍ഥനയുമായി കഴിയുകയായി പിന്നെ അവര്‍. അവനെയെങ്ങാനും മരണം പിടികൂടിയാലോ, അവരുടെ ഹൃദയം പലവട്ടം മരിക്കുന്നു. അത്‌ വര്‍ണിക്കാന്‍ ഒരു കവിക്കോ സാഹിത്യകാരനോ പ്രസംഗകനോ കഴിയില്ല.''

എന്റെ ഉമ്മയുടെ മടിയില്‍ കിടന്ന്‌ കുഞ്ഞുപെങ്ങള്‍ ഊര്‍ധശ്വാസം വലിച്ച രംഗം മനസ്സില്‍ നിന്ന്‌ മാഞ്ഞുപോകുന്നില്ല. `പിന്നെ എന്റെ കുട്ടി പോയി...' എന്ന്‌ വിലപിച്ച്‌ നാളുകള്‍ കഴിച്ചുകൂട്ടിയ ഉമ്മ കുഞ്ഞിന്റെ ചിരിയും കളിയും കൊഞ്ചലും ചലനങ്ങളുമെല്ലാം അനുസ്‌മരിച്ചുകൊണ്ടിരുന്നു. കരുണാമയനായ അല്ലാഹു എന്നെ തിരിച്ചുവിളിച്ച്‌ ഉമ്മയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. എനിക്ക്‌ അമ്മിഞ്ഞ തന്ന്‌ മുത്തമേകിയ ഉമ്മയുടെ ചുണ്ടുകളില്‍ വെള്ളം നനച്ച്‌ അവര്‍ അവസാനമായി കണ്ണടയ്‌ക്കുന്നത്‌ കാണും വരെയും ജീവിക്കാന്‍ എനിക്ക്‌ വിധിയുണ്ടായി.

എന്റെ ഉമ്മ പണ്ഡിതയോ പ്രാസംഗികയോ പ്രവര്‍ത്തകയോ ഒന്നുമായിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അവര്‍ക്ക്‌ അവസരവും ലഭിച്ചിരുന്നില്ല. നാട്ടില്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നതു തന്നെ ആദ്യമായി എന്റെ ബാപ്പയാണ്‌. അന്ന്‌ മുസ്‌ലിം സ്‌ത്രീകളുടെയും പുരുഷന്മാരുടെയുമെല്ലാം ഭാഷ അറബിമലയാളമായിരുന്നു. മദ്‌റസകളില്‍ ഇത്‌ അഭ്യസിപ്പിക്കപ്പെടും. കെ എം മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന അല്‍മുര്‍ശിദ്‌ അടക്കം മാസികകളും പുസ്‌തകങ്ങളും പലതും അറബിമലയാളത്തിലായിരുന്നു. മുസ്‌ലിം വായനക്കാരെ ലക്ഷ്യംവെച്ചുള്ള നോവലുകള്‍ പോലും ഈ ലിപിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അറബി മലയാളം മാത്രമറിയുന്ന എന്റെ ഉമ്മ ആ ലിപിയില്‍ എഴുതപ്പെട്ട എല്ലാം വായിക്കുന്ന വെറുമൊരു വീട്ടമ്മ. ഇന്നത്തെ ഭാഷയില്‍ അക്ഷരാഭ്യാസമില്ലാത്ത സ്‌ത്രീ ആയിരുന്നുവെങ്കിലും അവരുടെ പേര്‌ കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. നവോത്ഥാന പ്രവര്‍ത്തകനും സേവകനുമായ ബാപ്പയെ വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ നിന്ന്‌ സ്വതന്ത്രനാക്കി കഠിനാധ്വാനം നടത്താനും ത്യാഗം വരിക്കാനും സന്നദ്ധയായതുകൊണ്ടാണ്‌ ഉമ്മ അതിന്‌ അര്‍ഹയായത്‌.

കേരള മുസ്‌ലിം ഡയറക്‌ടറിയില്‍ എന്റെ ഉമ്മയെപ്പറ്റിയുള്ള പരാമര്‍ശം ഇതാണ്‌: ``നിസ്വാര്‍ഥ സേവകനായിരുന്ന അദ്ദേഹം (എന്റെ പിതാവ്‌ കമ്മുണ്ണി മൗലവി) കുട്ടശ്ശേരിയിലാണ്‌ താമസമാക്കിയത്‌. ആ മഹല്ലിലെ തന്നെ കുലീന കുടുംബത്തില്‍ പെട്ട മമ്മദുട്ടി മുസ്‌ലിയാരുടെ സഹോദരി ബിയ്യക്കുട്ടിയെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചത്‌. കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള വരുമാനം മുസ്‌ലിയാര്‍ക്കുണ്ടായിരുന്നില്ല. മദ്‌റസയിലും സ്‌കൂളിലും അക്കാലത്തുണ്ടായിരുന്ന ശമ്പളം വളരെ തുച്ഛമായിരുന്നു. വിശേഷിച്ചും ഏറ്റവും പിന്നോക്കം കിടന്നിരുന്ന പ്രദേശത്ത്‌ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥിതി പരിതാപകരമാം വിധം പരുങ്ങലിലായിരുന്നു. മാനേജര്‍ക്ക്‌ ഒരധ്യാപകന്‌ അറുപത്‌ രൂപയാണ്‌ ഗ്രാന്റായി കിട്ടിയിരുന്നത്‌. കമ്മുണ്ണി മുസ്‌ലിയാരുടെ കുടുംബ ചെലവ്‌ ഭാര്യ ബിയ്യക്കുട്ടി കാണിവെച്ച പെണ്‍കുപ്പായം കലാപരമായി തുന്നിവിറ്റിട്ടാണ്‌ നടത്തിയിരുന്നത്‌. മുസ്‌ലിയാരാകട്ടെ ആരെങ്കിലും അറിഞ്ഞുകൊണ്ട്‌ പണസഹായം നല്‌കിയാല്‍ തന്നെ അത്‌ സാധു വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ നല്‌കുവാനായി ദാനം ചെയ്യുകയായിരുന്നു പതിവ്‌.''

ഈ വരികളില്‍ എന്റെ ഉമ്മയുടെ ജീവിതകഥ വ്യംഗമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഓര്‍മയുടെ താളുകള്‍ ഓരോന്നും മറിച്ചുനോക്കുമ്പോള്‍ എന്റെ ഉമ്മ എന്നെയും രണ്ട്‌ സഹോദരിമാരെയും പോറ്റാന്‍ അനുഭവിച്ച പ്രയാസങ്ങളുടെ ചിത്രങ്ങള്‍ ഓരോന്നും തെളിഞ്ഞുവരുന്നു. കുപ്പായം തുന്നല്‍ മാത്രമല്ല, സാധ്യമായ എല്ലാ ജോലിയും അവര്‍ നിര്‍വഹിക്കുമായിരുന്നു. ബാപ്പ പേരും പ്രശസ്‌തിയുമുള്ള വ്യക്തിയായിരുന്നുവെങ്കിലും ആഭിജാത്യചിന്ത അവരെ തീണ്ടിയിരുന്നില്ല. ഞങ്ങളുടെ വിശപ്പടക്കാന്‍ അവര്‍ പെട്ടിരുന്ന പാട്‌. പുര കെട്ടിമേയാന്‍ ആവശ്യമായ പുല്ല്‌ ദൂരെ പോയി ശേഖരിച്ച്‌ തലയില്‍ ചുമന്നുവരുന്ന ഉമ്മയുടെ ചിത്രം ഞാന്‍ മുമ്പില്‍ കാണുന്നു. ഇന്ന്‌ ആരോഗ്യവതികളായ മുസ്‌ലിംസ്‌ത്രീകള്‍ സഹായം ചോദിച്ച്‌ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ എന്റെ ഉമ്മയെ ഓര്‍ക്കും. ഒരു തൊഴില്‍ ചെയ്‌ത്‌ പണമുണ്ടാക്കുന്നതില്‍ അവര്‍ക്ക്‌ ആഭിജാത്യപ്രശ്‌നം. യാചനയെ മാന്യമായ തൊഴിലായി കാണുന്നു.

1921ലെ മലബാര്‍ കലാപത്തിന്റെ ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ പലതും ഉമ്മ കുട്ടികളായ ഞങ്ങളുടെ മുമ്പില്‍ കെട്ടഴിക്കാറുണ്ടായിരുന്നു. പട്ടാളത്തിന്റെ ആക്രമണം ഭയന്ന്‌ ഒളിച്ചോടിയത്‌; ഒളിസ്ഥലത്തിനരികിലൂടെ നീങ്ങിയ പട്ടാളത്തിന്റെ ബൂട്ട്‌സിന്റെ ശബ്‌ദം കേട്ട്‌ നടുങ്ങിയത്‌; നാട്ടില്‍ പലരെയും പിടിച്ചുകൊണ്ട്‌ പോയത്‌ -ഇങ്ങനെ എത്രയെത്ര കഥകള്‍. പട്ടാളം ചുമലിന്‌ താഴെ കൈ വെട്ടിമുറിച്ച കാരണം ഒറ്റക്കൈയുമായി നടന്ന ഒരധ്യാപകനെ ബാപ്പ സ്‌കൂളില്‍ നിയമിച്ചിരുന്നു.

എനിക്ക്‌ പ്രായമേറെയായിട്ടും ഉമ്മ എന്നോട്‌ അവരുടെ ചെറിയ കുട്ടിയെപ്പോലെയാണ്‌ പെരുമാറിയിരുന്നത്‌. സമയമെത്ര വൈകിയാലും ഞാന്‍ ഭക്ഷണം കഴിക്കുമ്പോഴേ അവര്‍ ഭക്ഷണത്തിന്‌ തയ്യാറാവുകയുള്ളൂ. എന്നെയും സഹോദരിമാരെയും കഷ്‌ടപ്പെട്ട്‌ പോറ്റിയ ഉമ്മാക്ക്‌, എനിക്ക്‌ ജോലിയും സൗകര്യങ്ങളുമെല്ലാം ഉണ്ടായപ്പോള്‍ ജീവിതത്തിലെ സുഖങ്ങള്‍ അധികം അനുഭവിക്കാന്‍ അവസരം ലഭിച്ചില്ല എന്ന സങ്കടം ഇപ്പോഴും മനസ്സിനെ മഥിക്കുന്നു.

എന്റെ പെറ്റുമ്മയോടൊപ്പം പ്രിയതമയുടെ ഉമ്മയെയും (അവര്‍ എന്റെയും ഉമ്മയാണ്‌) ഞാന്‍ ഇവിടെ അനുസ്‌മരിക്കുകയാണ്‌. കേരളത്തില്‍ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും മത, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാനുമായ എന്‍ വി അബ്‌ദുസ്സലാം മൗലവിയുടെ പത്‌നി മര്‍യം. (മൗലവിയെപ്പറ്റി സന്ദര്‍ഭം വരുമ്പോള്‍ അനുസ്‌മരിക്കുന്നുണ്ട്‌) ഖദീജ ബീവി നബിക്കെന്ന പോലെ ഉമ്മ മൗലവിക്ക്‌ താങ്ങും തണലും ആശ്വാസവുമായിരുന്നു. എട്ട്‌ പെണ്‍കുട്ടികളെയും ഒരാണ്‍കുട്ടിയെയും അവര്‍ പോറ്റിവളര്‍ത്തി. എല്ലാവരും വിദ്യാസമ്പന്നര്‍. മൗലവി സര്‍ക്കാര്‍ ജോലി രാജിവെച്ച്‌ പ്രബോധന-സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജീവിതം ഉഴിഞ്ഞുവെച്ചപ്പോള്‍ ഉമ്മ വീട്ടുഭരണത്തിന്റെ മുഴുവന്‍ ഭാരവും ചുമലിലേന്തി അദ്ദേഹത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിടുകയായിരുന്നു. മൗലവി കോഴിക്കോട്‌ ഖുര്‍ആന്‍ ക്ലാസ്‌ ആരംഭിക്കുകയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സ്ഥാപിച്ച്‌ അതിന്റെ പ്രഥമ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തപ്പോള്‍ ഉമ്മയും കുട്ടികളും കോഴിക്കോട്ടേക്ക്‌ താമസം മാറ്റി. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്‌ത്രീ ഉണ്ടാകുമെന്നു പറയാറുണ്ട്‌. മൗലവിയെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നില്‍ ഉമ്മ ഒരു ശക്തി തന്നെയായിരുന്നു.

ഏക മകന്‍ എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍ എന്‍ജിനീയറിംഗ്‌ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച്‌ എം കെ ഹാജിയുടെ പുത്രി സഈദയെ വിവാഹം കഴിച്ചശേഷം മൗലവിയും കുടുംബവും സ്വന്തം വീട്ടിലേക്ക്‌ താമസം മാറ്റിയതോടെ ഉമ്മയുടെ കുടുംബഭാരം ലഘൂകരിക്കപ്പെട്ടു. പന്നെ അവരുടെ ശ്രദ്ധ മുഴുവന്‍ രോഗബാധിതനായി കിടപ്പിലായ മൗലവിയെ ശുശ്രൂഷിക്കുന്നതിലായി. സ്വന്തം അനാരോഗ്യം അവഗണിച്ച്‌ മൗലവിയുടെ അന്ത്യം വരെയും അദ്ദേഹത്തെ പരിചരിക്കാന്‍ അവര്‍ക്ക്‌ യോഗമുണ്ടായി. ചന്ദ്രിക വായനക്കാരിയിരുന്ന ഉമ്മക്ക്‌ പിന്നെ മകന്‍ എം ഡിയായ വര്‍ത്തമാനം പത്രത്തിലായി താല്‌പര്യം.

ഭൂമിയും തോട്ടങ്ങളും വയലുകളുമെല്ലാം ഉള്ള ഒരു സമ്പന്ന കുടുംബത്തില്‍ നിന്നാണ്‌ ഉമ്മ വന്നത്‌. ഉമ്മാക്ക്‌ കുടുംബ സ്വത്തായി ലഭിച്ച ഭൂമിയുടെ ഒരു ഭാഗം അവര്‍ വഖ്‌ഫ്‌ ചെയ്‌തു. ധര്‍മിഷ്‌ഠയായ ഉമ്മ പണം കരുതിവെച്ച്‌ സാധുക്കളെ കാത്തിരിക്കുമായിരുന്നു. സ്‌നേഹവും ദയയും ഉദാരമനസ്‌കതയും അവരുടെ മുഖമുദ്രയായിരുന്നു.
കിടപ്പിലായി തന്നെ ചികിത്സിച്ചും ശുശ്രൂഷിച്ചും മറ്റുള്ളവര്‍ വിഷമിക്കാന്‍ ഇടവരും മുമ്പ്‌ തിരിച്ചുവിളിക്കേണമേ എന്നായിരുന്നു ഉമ്മയുടെ പ്രാര്‍ഥന. കരുണാമയനായ അല്ലാഹു അത്‌ സാധിച്ചുകൊടുത്തു. 2006ല്‍ പൊടുന്നനവെ അവര്‍ അന്ത്യശാസം വലിച്ചു.

ഞങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന ഇതാണ്‌: റബ്ബേ, എന്നെ പോറ്റി വളര്‍ത്തിയ ഉമ്മയെ പാപവിമുക്തി നല്‌കി നീ അനുഗ്രഹിക്കേണ!
ഉമ്മയുടെ തൃപ്പാദങ്ങള്‍ക്ക്‌ കീഴിലെ സ്വര്‍ഗം പൂകാന്‍ അര്‍ഹത നല്‌കി എന്നെയും അനുഗ്രഹിക്കേണമേ